< Back
Saudi Arabia
Saudi Aramco cuts oil prices for Asian countries
Saudi Arabia

ഏഷ്യൻ രാജ്യങ്ങൾക്കുള്ള എണ്ണവില കുറച്ച് സൗദി അരാംകോ

Web Desk
|
12 Sept 2025 7:29 PM IST

നീക്കം ചൈനക്കും ഇന്ത്യക്കും ഗുണമാകും

റിയാദ്: ഏഷ്യൻ രാജ്യങ്ങൾക്കുള്ള എണ്ണവില കുറച്ച് സൗദി അറേബ്യ. റഷ്യയുമായുള്ള മത്സരം ശക്തമാകുന്നതിനിടെയാണ് നീക്കം. വിലകുറച്ചതോടെ കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങാൻ ഏഷ്യൻ രാജ്യങ്ങളോട് സൗദി ആവശ്യപ്പെട്ടു. ഇന്ത്യയിലേക്ക് ആറേകാൽ ലക്ഷം ബാരലാണ് സൗദിയുടെ കയറ്റുമതി. ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരനായ സൗദി അരാംകോ റഷ്യയുമായി മത്സരത്തിലാണ്. നിലവിൽ റഷ്യയാണ് കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ നൽകുന്നത്. ഇന്ത്യയടക്കം റഷ്യയെ ആശ്രയിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് സൗദിയുടെ നീക്കം.

ഉൽപ്പാദനം വർധിക്കുന്നതിനിടെ, എല്ലാ തരം എണ്ണയ്ക്കും പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ വിലക്കുറവ് നൽകിയതാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സെപ്തംബറിലെ വിലയേക്കാൾ ഒരു ഡോളർ കുറച്ചാകും വിതരണം. വില കുറയുന്നത് സൗദിയുൾപ്പെടെ എണ്ണ ഉത്പാദക രാഷ്ട്രങ്ങൾക്ക് തിരിച്ചടിയാണ്. വിലകൂടി കുറച്ചതോടെ ബാരൽ ക്രൂഡ് ഓയിൽ വില 60ന് താഴെ പോകുമെന്നും റിപ്പോർട്ടുകളുണ്ട്. സൗദിക്ക് ബജറ്റ് പ്രകാരം കുറഞ്ഞത് 75 ഡോളറിലേറെ ബാരലിന് ലഭിക്കണം. എന്നാൽ നിലവിലെ സാഹചര്യം നേരിടാൻ മറ്റുവഴികളില്ലെന്നും നിരീക്ഷകർ കരുതുന്നു.

സൗദി എണ്ണയുടെ 70 ശതമാനം ഏഷ്യയിലേക്കാണ്. ചൈനയാണ് സൗദിയുടെ പ്രധാന മാർക്കറ്റ്. ഇവിടേക്ക് ആഗസ്തിൽ 51 ദശലക്ഷം ബാരലായിരുന്നു കയറ്റുമതി. ഇത് സെപ്തംബറിൽ 43 ദശലക്ഷമായി കുറഞ്ഞിരുന്നു. മത്സരം ചൈന, ഇന്ത്യ എന്നിവർക്ക് കുറഞ്ഞ വിലയുള്ള എണ്ണ ലഭിക്കാൻ സഹായിക്കും. ഒപ്പം സൗദിക്ക് വരുമാനക്കുറവ് പരിഹരിക്കാനും ഒരു പരിധിവരെ സഹായിക്കും.

Similar Posts