
വാഹനം ‘ഹൈ പെർഫോമൻസാ’ണോ..? 98 ഒക്ടൈൻ ഇന്ധനം അവതരിപ്പിച്ച് അരാംകോ
|ആദ്യ ഘട്ടത്തിൽ റിയാദ്, ജിദ്ദ, ദമ്മാം നഗരങ്ങളിൽ ലഭിക്കും
റിയാദ്: ഉപഭോക്താക്കൾക്ക് കൂടുതൽ ഇന്ധന ഓപ്ഷനുകൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി 98 ഒക്ടൈൻ ഇന്ധനം വിപണിയിലെത്തിച്ച് സൗദി അരാംകോ. ഈ മാസം തന്നെ ഇന്ധനം ലഭ്യമാക്കിത്തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ റിയാദ്, ജിദ്ദ, ദമ്മാം എന്നീ പ്രധാന നഗരങ്ങളിലും ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകളിലുമായിരിക്കും 98 ഒക്ടൈൻ പെട്രോൾ ലഭ്യമാകുക. ഈ നഗരങ്ങളിൽ ഹൈ പെർഫോമൻസ് വാഹനങ്ങളുടെ എണ്ണം കൂടുതലായതിനാലാണ് ഇവിടങ്ങളിൽ ആദ്യം വിതരണം ആരംഭിക്കുന്നത്.
വരും മാസങ്ങളിലെ ഇന്ധനത്തിന്റെ ഡിമാന്റ് വിലയിരുത്തിയ ശേഷം വിതരണം മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം തീരുമാനിക്കുമെന്ന് അരാംകോ വ്യക്തമാക്കി. രാജ്യത്തെ ആകെ വാഹനങ്ങളിൽ ഏകദേശം 0.5 ശതമാനത്തിൽ താഴെ വരുന്ന സ്പോർട്സ് കാറുകളെയും ഹൈ പെർഫോമൻസ് വാഹനങ്ങളെയും ലക്ഷ്യമിട്ടാണ് ഈ പ്രീമിയം ഇന്ധനം വിപണിയിലെത്തിച്ചിരിക്കുന്നത്.