
സൗദി ബാങ്കുകളിൽ അന്താരാഷ്ട്ര ഇടപാടുകൾക്കുള്ള നിരക്ക് ഇനി 2%; സെൻട്രൽ ബാങ്കിന്റെ നിർദേശം നടപ്പാക്കി തുടങ്ങി
|വിവിധ സേവനങ്ങളുടെ നിരക്കുകളിലും മാറ്റം
റിയാദ്: സൗദിയിൽ നിന്നും അന്താരാഷ്ട്ര ഇടപാടുകൾക്കുള്ള നിരക്ക് രണ്ട് ശതമാനമായി നിശ്ചയിച്ച നടപടി നടപ്പിലാക്കിത്തുടങ്ങി ബാങ്കുകൾ. സൗദി സെൻട്രൽ ബാങ്കിന്റെ വെബ്സൈറ്റിൽ ഗൈഡ് പ്രസിദ്ധീകരിച്ച് 60 ദിവസത്തിനുശേഷമാണ് ഇത് നടപ്പാക്കുന്നത്. ഇതനുസരിച്ച് ട്രാൻസ്ഫറിനുള്ള തുകയും കാർഡുകൾ റീ ഇഷ്യൂ ചെയ്യാനുള്ള നിരക്കുകളും കുറച്ചു. സെൻട്രൽ ബാങ്ക് നിർദേശം പാലിച്ച് ബാങ്കിങ് മേഖലയിലെ വിവിധ സേവനങ്ങൾക്കുള്ള നിരക്കുകളെല്ലാം ധനകാര്യ സ്ഥാപനങ്ങളും കുറച്ചു തുടങ്ങി.
ഗൾഫ് രാജ്യങ്ങൾക്ക് പുറത്ത് മദാ കാർഡ് ഉപയോഗിച്ചുള്ള അന്താരാഷ്ട്ര പണം പിൻവലിക്കലിന് മൂല്യത്തിന്റെ മൂന്ന് ശതമാനമായും ഫീ നിരക്ക് കുറച്ചു. പരമാവധി തുക 25 റിയാലായും നിശ്ചയിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ ഇത് ബാധകമാകില്ല. രാജ്യത്തിനുള്ളിൽ 2500 റിയാൽ വരെ ട്രാൻസ്ഫർ നടത്താൻ ഇനി ഫീസായി 50 ഹലാല മതിയാകും. അതിന് മുകളിലുള്ള തുകയ്ക്ക് ഒരു റിയാലും മാത്രമായിരിക്കും ഫീസ്. ഒരു വർഷത്തിന് താഴെയുള്ള അക്കൗണ്ട് സ്റ്റേറ്റ്മെന്റിനും സർട്ടിഫിക്കറ്റുകൾക്കും ഇനി ഫീസ് നൽകേണ്ടതില്ല.
മദാ കാർഡ് റീ ഇഷ്യൂ ചെയ്യാനുള്ള ഫീ പരമാവധി പത്ത് റിയാലായും നിശ്ചയിച്ചു. റിയൽ എസ്റ്റേറ്റ് ഒഴികെയുള്ള വായ്പയ്ക്ക് ഈടാക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ഫീസുകൾക്ക് വായ്പയുടെ ഒരു ശതമാനം അല്ലെങ്കിൽ പരമാവധി 5000 റിയാൽ വരെയായിരുന്നു ഫീസ്. ഇത് പരമാവധി 2500 റിയാൽ ആയും നിശ്ചയിച്ചു. ഉപഭോക്തൃ വായ്പകൾക്കും വാഹനവായ്പകൾക്കും ആശ്വാസമാകുന്നതാണ് നടപടി. ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമായിരുന്നു. ഉപഭോക്താക്കളെ സംരക്ഷിക്കാനും സുതാര്യത വർധിപ്പിക്കാനും ഫിനാൻഷ്യൽ സേവനങ്ങളിലെ ഫീസുകൾ നിയന്ത്രിക്കാനുമുള്ള റെഗുലേറ്ററി നടപടിയാണിത്.