< Back
Saudi Arabia
Saudi banks warn of impersonation fraud
Saudi Arabia

ആൾമാറാട്ടം നടത്തി തട്ടിപ്പ്: മുന്നറിയിപ്പ് നൽകി സൗദി ബാങ്കുകൾ

Web Desk
|
24 Dec 2024 11:02 PM IST

പണം അപഹരിക്കുന്ന കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്

ജിദ്ദ: ചാരിറ്റി സ്ഥാപനങ്ങളുടേയോ പൊതു വ്യക്തികളുടേയോ പേരിൽ നടക്കുന്ന തട്ടിപ്പിൽ വീഴരുതെന്ന് സൗദി ബാങ്കുകൾ. ഔദ്യോഗിക സ്ഥാപനങ്ങളുടെ പ്രതിനിധികളെന്ന പേരിൽ തട്ടിപ്പുകൾ നടന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ബാങ്കിങ് വിവരങ്ങൾ ഒരാൾക്കും കൈമാറരുതെന്ന് സെൻട്രൽ ബാങ്കും മുന്നറിയിപ്പ് നൽകി.

രാജ്യത്ത് ഉപഭോക്താക്കളെ കബളിപ്പിച്ച് ആൾമാറാട്ടം നടത്തി പണം അപഹരിക്കുന്ന കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് സൗദി ബാങ്കുകൾ മുന്നറിയിപ്പ് നൽകിയത്. ഔദ്യോഗിക സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്നവരാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. ഇവർ വ്യാജ രേഖകളും മുദ്രകളും ഉപയോഗിച്ചാണ് ഉപഭോക്താക്കളെ വലയിലാക്കുന്നത്.

സൗദിയിലെ പ്രശസ്ത ചാരിറ്റി ഓർഗനൈസേഷനുകളുടെ പേരിലും തട്ടിപ്പ് കണ്ടെത്തി. സഹായം നൽകുന്നതിന് പണം ട്രാൻസ്ഫർ ചെയ്‌തോ ലിങ്കുകൾ വഴി ഫീസ് അടച്ച് നൽകണമെന്ന് ആവശ്യപ്പെട്ടുമാണ് തട്ടിപ്പ്. സംഭാവനയോ പ്രത്യേക സേവനമോ നേടുന്നതിന് തുകയോ ഫീസോ ആവശ്യപ്പെടുന്ന ഒരു കക്ഷിയോടും പ്രതികരിക്കരുതെന്ന് ബാങ്കുകൾ ആവശ്യപ്പെട്ടു.

സൗദി ബാങ്കുകളുടെയും മണി എക്‌സ്‌ചേഞ്ചുകളുടെയും എല്ലാ അപ്ലിക്കേഷനിലും ലഭ്യമായ സദാദ് സംവിധാനം പെയ്‌മെന്റുകൾക്കുള്ള സുരക്ഷിത സംവിധാനമാണ്. ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പ് സംഭവിച്ചാൽ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ബാങ്കുകളെ ഉടൻ അറിയിക്കേണ്ടതാണെന്നും കമ്മിറ്റി വ്യക്തമാക്കി. ചൂഷണങ്ങൾക്കെതിരെ ദേശീയ ബോധവൽക്കരണ ക്യാമ്പയിനുകൾ തുടരുന്നുണ്ട്.

Similar Posts