
സൗദി ബോക്‌സ് ഓഫീസിന് വൻ നേട്ടം; ഈ വർഷം ആദ്യ പകുതിയിൽ 44.81 കോടി റിയാൽ വരുമാനം
|ഈ വർഷം ആദ്യ പകുതിയിൽ 91 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്
റിയാദ്: മിഡിലീസ്റ്റിലെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുള്ള സിനിമാ വ്യവസായത്തിൽ വൻ നേട്ടവുമായി സൗദി അറേബ്യ. 2020ൽ 44.56 കോടി റിയാലായിരുന്ന സിനിമാ വരുമാനം 2024ൽ 84.56 കോടി റിയാലായി വർധിച്ചു. ഈ വർഷം ആദ്യ പകുതിയിൽ മാത്രം സൗദിയിലെ തിയേറ്ററുകൾക്ക് 44.81 കോടി റിയാൽ വരുമാനം ലഭിച്ചു. സൗദി ഫിലിം കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ജനുവരിയിൽ 8.29 കോടി റിയാലും, ഫെബ്രുവരിയിൽ 3.83 കോടി റിയാലും, മാർച്ചിൽ 1.50 കോടി റിയാലും, ഏപ്രിലിൽ 9.47 കോടി റിയാലും, മേയിൽ 9.87 കോടി റിയാലും, ജൂണിൽ 11.85 കോടി റിയാലും വരുമാനം ലഭിച്ചു.
സൗദി സിനിമകളിൽ 'ഷബാബ് അൽ-ബോംബ് 2' എന്ന ചിത്രം 2.72 കോടി റിയാലുമായി ഒന്നാം സ്ഥാനത്തെത്തി. 14 ആഴ്ചകൾ കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. 'ഹോബൽ' (2.45 കോടി റിയാൽ), 'ഇസ്ആഫ്' (1.85 കോടി റിയാൽ), 'ഫഖർ അൽ-സുവൈദി' (64 ലക്ഷം റിയാൽ), 'ലെയ്ൽ നഹാർ' (38 ലക്ഷം റിയാൽ) എന്നിവയാണ് മറ്റ് മുൻനിര സൗദി ചിത്രങ്ങൾ.
അതേസമയം, ആഗോള തലത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രങ്ങളുടെ പട്ടികയിൽ ഹോളിവുഡ് ചിത്രമായ 'ലൈലോ & സ്റ്റിച്ച്' 3.17 കോടി റിയാൽ നേടി ഒന്നാമതെത്തി. ഈജിപ്ഷ്യൻ ചിത്രങ്ങളായ 'ഹിയർ ഐ ആം' (2.95 കോടി റിയാൽ), 'റീസ്റ്റാർട്ട്' (2.20 കോടി റിയാൽ) എന്നിവയും മികച്ച പ്രകടനം കാഴ്ചവെച്ചു.
ഈ വർഷം ആദ്യ പകുതിയിൽ 91 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ജനുവരിയിൽ 17 ലക്ഷവും, ഫെബ്രുവരിയിൽ 7.98 ലക്ഷവും, മാർച്ചിൽ 2.98 ലക്ഷവും, ഏപ്രിലിൽ 19 ലക്ഷവും, മേയിൽ 19 ലക്ഷവും, ജൂണിൽ 24 ലക്ഷവും ടിക്കറ്റുകൾ വിറ്റു.