
റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കൽ: സൗദി മധ്യസ്ഥതയിലുള്ള മൂന്നാംവട്ട ചർച്ച ഞായറാഴ്ച ജിദ്ദയിൽ
|യു.എസിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും സംഘവും എത്തും
റിയാദ്: യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സൗദി മധ്യസ്ഥതയിലുള്ള മൂന്നാംവട്ട ചർച്ച ഞായറാഴ്ച ജിദ്ദയിൽ ചേരും. ഈ മാസം പതിനൊന്നിന് ജിദ്ദയിൽ നടന്ന ചർച്ചകളുടെ തുടർച്ചയാണിത്. കഴിഞ്ഞ തവണ സൗദി മധ്യസ്ഥതയിൽ നടന്ന ചർച്ചക്കൊടുവിൽ യുക്രൈൻ വെടിനിർത്തലിന് സമ്മതം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്നലെ യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡണ്ട് വ്‌ളാദ്മിർ പുടിനും ഫോണിൽ സംസാരിക്കുകയും ചെയ്തു. ഇതിൽ യുക്രൈനിലെ ഊർജ കേന്ദ്രങ്ങളിൽ ആക്രമണം നിർത്തിവെക്കാൻ തീരുമാനിച്ചു. വെടിനിർത്തലിന് സന്നദ്ധതയും അറിയിച്ചു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച വീണ്ടും യു.എസിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും സംഘവും ജിദ്ദയിലെത്തുന്നത്. റഷ്യൻ സംഘവുമായി ഇവർ ചർച്ച നടത്തുമെന്ന് സ്റ്റീവ് വിറ്റ്‌കോഫ് അറിയിച്ചു. യുക്രൈനും റഷ്യയും വെടിനിർത്തലിൽ നടത്തേണ്ട വിട്ടു വീഴ്ചകളുൾപ്പെടെ യോഗത്തിൽ ചർച്ചയാകും. യുഎസ് റഷ്യ പ്രസിഡണ്ടുമാരുടെ സൗദി സന്ദർശനവും വൈകാതെയുണ്ടാകുമെന്നാണ് വിവരം.