< Back
Saudi Arabia
Saudi Crown Princes visit to the US; $270 billion investment at the US-Saudi Investment Forum
Saudi Arabia

അമേരിക്ക- സൗദി നിക്ഷേപ ഫോറത്തിൽ 270 ബില്യൺ ഡോളറിന്റെ നിക്ഷേപം

Web Desk
|
20 Nov 2025 3:24 PM IST

പ്രാദേശിക-അന്താരാഷ്ട്ര വിഷയങ്ങളിലെ പുതിയ സംഭവവികാസങ്ങൾ ഇരുപക്ഷവും വിലയിരുത്തി

റിയാദ്: സൗദി കിരീടാവകാശിയുടെ യുഎസ് സന്ദർശനം വിജയകരം. രണ്ട് ദിവസം നീണ്ടുനിന്ന ഔദ്യോ​ഗിക സന്ദർശനത്തിൽ തന്ത്രപ്രധധാന കരാറുകളിൽ ധാരണയായി. അമേരിക്ക-സൗദി നിക്ഷേപ ഫോറത്തിൽ ഇരുപക്ഷവും ചേർന്ന് ആകെ 270 ബില്യൺ ഡോളറിൻ്റെ കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവച്ചതായി പ്രഖ്യാപിച്ചു.

വൈറ്റ് ഹൗസിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് അമേരിക്കൻ പ്രസിഡന്റ് ‍ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ വൻവരവേൽപ് നൽകി. ഇരുരാജ്യങ്ങളും ചരിത്രപരമായ സൗഹൃദവും തന്ത്രപരമായ പങ്കാളിത്തവും വീണ്ടും ഉറപ്പിച്ചു. എല്ലാ മേഖലകളിലും ബന്ധം ശക്തിപ്പെടുത്താനുള്ള മാർ​ഗങ്ങൾ ചർച്ച ചെയ്തു.

പ്രസിഡൻ്റ് ട്രംപ് സൗദി സന്ദർശിച്ചതിൻ്റെ നേട്ടങ്ങളെ കിരീടാവകാശി പ്രശംസിച്ചു. ആ സന്ദർശനം ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ഉന്നതിയിലെത്തിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശിക-അന്താരാഷ്ട്ര വിഷയങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇരുപക്ഷവും വിലയിരുത്തി.

തന്ത്രപ്രധാനമായ പ്രതിരോധ കരാർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പങ്കാളിത്തം, സിവിലിയൻ ആണവോർജ്ജ മേഖലയിലെ സഹകരണ ചർച്ചകൾ എന്നിവയിലാണ് ധാരണയായത്. യുറേനിയം, ധാതുക്കൾ എന്നിവയുടെ വിതരണ ശൃംഖല സുരക്ഷിതമാക്കുന്നതിനുള്ള തന്ത്രപരമായ ചട്ടക്കൂട് തയ്യാറാക്കി. സൗദി നിക്ഷേപങ്ങൾ വേ​ഗത്തിലാക്കാൻ നടപടികൾ സുഗമമാക്കുന്ന കരാർ, സാമ്പത്തിക-ധനകാര്യ പങ്കാളിത്ത ക്രമീകരണങ്ങൾ, ധനകാര്യ വിപണി മേഖലയിലെ സഹകരണം, അമേരിക്കൻ ഫെഡറൽ വാഹന സുരക്ഷാ മാനദണ്ഡങ്ങളിൽ പരസ്പരം അംഗീകാരം, വിദ്യഭ്യാസ-പരിശീലന രംഗത്ത് ധാരണാപത്രം എന്നിവയും സന്ദർശനത്തിന്റെ നേട്ടങ്ങളാണ്.

പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ഫസ്റ്റ് ലേഡി മെലാനിയ ട്രംപും കിരീടാവകാശിക്കും സൗദി സംഘത്തിനും അത്താഴ വിരുന്ന് ഒരുക്കി. ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥർ, കോൺഗ്രസ് അംഗങ്ങൾ, ബിസിനസ് നേതാക്കൾ തുടങ്ങിയവർ വിരുന്നിന്റെ ഭാ​ഗമായി. കിരീടാവകാശി യുഎസ് ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ, സെനറ്റിലെ നിരവധി പ്രതിനിധികൾ, നേതാക്കൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സന്ദർശനാവസാനം കിരീടാവകാശി പ്രസിഡൻ്റ് ട്രംപിനെയും അമേരിക്കൻ ജനതയെയും ഊഷ്മള സ്വീകരണത്തിന് നന്ദി അറിയിച്ചു.

Similar Posts