
ബിനാമി വിരുദ്ധ പരിശോധനകള്‍ ശക്തമാക്കി സൗദി
വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബിനാമി ഇടപാടാണെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളിലാണ് പരിശോധന സംഘടിപ്പിക്കുക.
ദമ്മാം: രാജ്യത്തെ ബിനാമി സ്ഥാപനങ്ങളെന്ന് സംശയിക്കുന്ന എഴുപതിനായിരത്തിലേറെ സ്ഥാപനങ്ങളില്‍ പരിശോധന പൂര്‍ത്തിയാക്കിയതായി ബിനാമി വിരുദ്ധ സമിതി അറിയിച്ചു. ഇരുപത് സര്‍ക്കാര്‍ വകുപ്പുകളുടെ വിവരങ്ങള്‍ പരസ്പരം സംയോജിപ്പിച്ചാണ് ബിനാമി ഇടപാടുകള്‍ക്കെതിരായ നടപടി സ്വീകരിച്ചു വരുന്നത്.
സൗദിയില്‍ ബിനാമി ഇടപാടുകള്‍ക്കെതിരായ നടപടി ശക്തമായി തുടര്‍ന്നു വരുന്നതായി ദേശീയ ബിനാമി വിരുദ്ധ സമിതി വ്യക്തമാക്കി. ഈ വര്‍ഷം ഇതുവരെയായി ബിനാമി ഇടപാടുകളെന്ന് സംശയിക്കുന്ന 71484 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി സമിതി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇരുപത് സര്‍ക്കാര്‍ വകുപ്പുകളുടെ ഡാറ്റകള്‍ പരസ്പരം സംയോജിപ്പിച്ചാണ് നീക്കം നടത്തി വരുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റ ലിജന്‍സിന്‍റെ സഹായവും ഇതിനായി പ്രയോജനപ്പെടുത്തി വരുന്നുണ്ട്. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബിനാമി ഇടപാടാണെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളിലാണ് പരിശോധന സംഘടിപ്പിക്കുക.
കോണ്‍ട്രാക്ടിംഗ്, ചില്ലറ മൊത്ത വ്യാപാരം സ്ഥാപനങ്ങള്‍, ടെക്സ്റ്റയില്‍സ് റെഡിമെയ്ഡ് സ്ഥാപനങ്ങള്‍, ജ്വല്ലറികള്‍, ഗതാഗത ലോജിസ്റ്റിക്‌സ് സര്‍വീസ് സ്ഥാപനങ്ങള്‍, കാര്‍ഷിക മേഖല സ്ഥാപനങ്ങള്‍ വാഹന വര്‍ക്ക് ഷോപ്പുകള്‍, സ്പയര്‍പാര്‍ട്ട് കടകള്‍ തുടങ്ങിയ ഇടങ്ങളിലാണ് പ്രധാനമായും പരിശോധന പൂര്‍ത്തിയാക്കിയത്. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി സ്വദേശിക്കും വിദേശിക്കുമെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചു. സ്വദേശിക്ക് അഞ്ച് വര്‍ഷം വരെ തടവും അന്‍പത് ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ബിനാമി ബിസിനസ്. വിദേശിയെ ശിക്ഷാ കാലാവധിക്ക് ശേഷം ആജീവനാന്ത വിലക്കോടെ നാട് കടത്തുകയും ചെയ്യും.