< Back
Saudi Arabia
Saudi-mediated talks to end the Russia-Ukraine war will begin today.
Saudi Arabia

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കൽ: സൗദി മധ്യസ്ഥതയിൽ ചർച്ച ഇന്ന്

Web Desk
|
11 March 2025 10:25 AM IST

യുക്രൈൻ പ്രസിഡണ്ട് വ്‌ളാദ്മിർ സെലൻസ്‌കി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

റിയാദ്: റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കൽ സംബന്ധിച്ച് സൗദി മധ്യസ്ഥതയിൽ നടക്കുന്ന ചർച്ച ഇന്ന്. ഇതിന് മുന്നോടിയായി യുക്രൈൻ പ്രസിഡണ്ട് വ്‌ളാദ്മിർ സെലൻസ്‌കിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും സൗദിയിലെത്തി.

യു.എസുമായുള്ള സമാധാന ചർച്ചക്ക് മുന്നോടിയായി യുക്രൈൻ പ്രസിഡണ്ട് വ്‌ളാദ്മിർ സെലൻസ്‌കി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രിയാണ് യുക്രൈൻ പ്രസിഡണ്ട് ജിദ്ദയിലെത്തിയത്. മികച്ച വരവേൽപാണ് സെലൻസ്‌കിക്ക് സൗദി കിരീടാവകാശി നൽകിയത്.

സെലൻസ്‌കിക്ക് പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും സൗദി കിരീടാവകാശിയെ കണ്ട് ചർച്ച നടത്തി. ജിദ്ദയിൽ നടക്കുന്ന ചർച്ചയിൽ യുഎസും യുകെയും പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ന് നടക്കുന്ന ചർച്ചയിൽ യു എസ് പ്രസിഡണ്ടില്ലാത്തതിനാൽ സെലൻസ്‌കിയും പങ്കെടുക്കില്ല.

ഇന്ന് ഉച്ചക്ക് ശേഷം ജിദ്ദയിലാണ് ചർച്ച. ട്രംപ്-സെലൻസ്‌ക് വാഗ്വാദത്തിന് ശേഷം ആദ്യമായാണ് ഇരുകൂട്ടരും ഒന്നിച്ചിരിക്കുന്നത്. സൗദിയുടെ മധ്യസ്ഥതയിൽ നടക്കുന്ന യോഗം യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള വഴിയൊരുക്കിയേക്കും.

സൗദി മധ്യസ്ഥതയിൽ യുക്രൈൻ റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള രണ്ടാമത്തെ ചർച്ചയാണിത്. ഓവൽ ഓഫീസിൽ വെച്ച് ട്രംപും സെലൻസ്‌കിയു നടത്തിയ വാഗ്വാദത്തിന് ശേഷം നടക്കുന്ന ആദ്യ ഉന്നത തല യോഗമാണ് ഇന്ന്. യുക്രൈനുള്ള ഇന്റലിജൻസ്, യുദ്ധ സഹായങ്ങൾ യുഎസ് നിർത്തിയിരുന്നു. ഇത് വൻ പ്രതിസന്ധി സൃഷ്ടിച്ചതോടെ നിസ്സഹായാവസ്ഥയിലാണ് യുക്രൈൻ. അവസരം മുതലാക്കി റഷ്യ യുക്രൈന് മേൽ കടുത്ത സൈനിക നീക്കവും നടത്തുന്നുമുണ്ട്. യുഎസുമായുള്ള പ്രശ്‌നം പരിഹരിക്കാൻ പുതിയ ഖനന കരാർ യുക്രൈൻ യുഎസിന് നൽകിയേക്കും. ഇതിന് പകരമായി നേരത്തെയുള്ള യുഎസ് പിന്തുണ യുക്രൈൻ പ്രതീക്ഷിക്കുന്നുണ്ട്.

ഉച്ചക്ക് ശേഷം ജിദ്ദയിൽ ചേരുന്ന യോഗത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ യുക്രൈൻ പ്രസിഡണ്ടിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആൻഡ്രി യെർമാഖിനെ കണ്ട് ചർച്ച തുടങ്ങും. സൗദി വിദേശകാര്യ മന്ത്രി ഇതിന് മധ്യസ്ഥനാകും. രാത്രിയോടെ യുക്രൈൻ റഷ്യ വിഷയത്തിൽ യുദ്ധ വിരാമത്തിലേക്കുള്ള വഴി തെളിയുമെന്ന പ്രതീക്ഷയിലാണ് സൗദി.



Similar Posts