< Back
Saudi Arabia
Saudi Ministry of Tourism presents draft amendments to travel and tourism services regulations
Saudi Arabia

സഞ്ചാരികളുടെ സ്വകാര്യത സംരക്ഷിക്കണം; യാത്രാ, ടൂറിസം സേവന ചട്ടങ്ങളിൽ ഭേദഗതികൾ വരുത്താൻ സൗദി

Web Desk
|
21 Jan 2026 6:36 PM IST

ടൂറിസം മന്ത്രാലയം കരട് ഭേദഗതികൾ അവതരിപ്പിച്ചു

റിയാദ്: യാത്രാ, ടൂറിസം സേവന ചട്ടങ്ങളിൽ ഭേദഗതികൾ വരുത്താനൊരുങ്ങി സൗദി ടൂറിസം മന്ത്രാലയം. ഇതിനായുള്ള കരട് ഭേദഗതികൾ അവതരിപ്പിച്ചു. പ്രവർത്തന നിയന്ത്രണ ചട്ടക്കൂട് വികസിപ്പിക്കുക, നിക്ഷേപക അനുഭവം മെച്ചപ്പെടുത്തുക, നിയമപാലനം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് നടപടി. ഇവയിലൂടെ രാജ്യത്തെ ടൂറിസത്തിന്റെ നിലവാരമുയർത്തുകയാണ് ലക്ഷ്യം.

'ഇസ്തിലാഅ്' പ്ലാറ്റ്ഫോം വഴി മന്ത്രാലയം കരട് ഭേദഗതികൾ പ്രസിദ്ധീകരിച്ചു. യാത്രാ, ടൂറിസം സേവന പ്രവർത്തനങ്ങൾക്കുള്ള ലൈസൻസിങ് രണ്ട് പ്രധാന വിഭാഗങ്ങളിലായി പുനഃക്രമീകരിക്കുന്നതാണ് പ്രധാന മാറ്റം. യാത്രാ, ടൂറിസം ഏജൻസിയാണ് ആദ്യ വിഭാഗം. യാത്രാ ടിക്കറ്റുകളുടെ വിൽപ്പന, താമസ ബുക്കിങ്ങുകൾ, രാജ്യത്തിനകത്തും പുറത്തുമുള്ള ടൂറിസ്റ്റ് പ്രോഗ്രാമുകൾ, ടൂറിസ്റ്റ് ഗൈഡുകളെ നൽകൽ, ഇൻഷുറൻസ്, വിസകൾ, യാത്രാ സംബന്ധിയായ സേവനങ്ങൾ എന്നിവ ഈ വിഭാഗത്തിൽ പെടുന്നു.

യാത്രാ, ടൂറിസം രംഗത്തെ പൊതു സേവനങ്ങളാണ് രണ്ടാമത്തെ വിഭാഗം. കുറേ കൂടി സമഗ്രമാണ് ഈ വിഭാഗം. കാരണം ആദ്യ വിഭാഗത്തിലുള്ളതിന് പുറമേ രാജ്യത്ത് ടൂറിസ്റ്റ് പരിപാടികൾ ആസൂത്രണം ചെയ്യലും നടപ്പാക്കലും, ഗതാഗതം, സ്വീകരണം, പുറപ്പെടൽ എന്നിവ ക്രമീകരിക്കുക, പരിപാടികൾ, മ്യൂസിയങ്ങൾ, റെസ്റ്റോറന്റുകൾ എന്നിവക്കുള്ള റിസർവേഷനുകൾ ക്രമീകരിക്കൽ, വിനോദസഞ്ചാരികൾക്ക് പ്രത്യേക സേവനങ്ങൾ നൽകൽ, കാറ്ററിങ്, ചാർട്ടേഡ് ഗതാഗത സേവനങ്ങൾ എന്നിവയെല്ലാം ഈ വിഭാഗത്തിൽ പെടുന്നു.

കൂടുതൽ കർശനമായ ലൈസൻസിങ്, പുതുക്കൽ നിയന്ത്രണങ്ങൾ ഭേദഗതിയിലുണ്ട്. പ്രവർത്തനം, മുനിസിപ്പൽ ലൈസൻസ്, വെബ്സൈറ്റ് എന്നിവ ഉൾപ്പെടുന്ന വാണിജ്യ രജിസ്‌ട്രേഷൻ, മന്ത്രാലയം നിർണയിക്കുന്ന സാമ്പത്തിക ഗ്യാരണ്ടി അല്ലെങ്കിൽ ഇൻഷുറൻസ് രേഖ എന്നിവ ലൈസൻസിന് നൽകണമെന്ന് ഭേദഗതിയിൽ പറയുന്നു. ലൈസൻസ് കാലാവധി ഒരു വർഷമായിരിക്കണമെന്നും അഞ്ച് വർഷം വരെ നീട്ടാവുന്നതാണെന്നും പദ്ധതിയിൽ വ്യവസ്ഥ ചെയ്യുന്നു.

യാത്രാ, ടൂറിസം സേവന സൗകര്യങ്ങൾ താത്കാലികമായി അല്ലെങ്കിൽ സ്ഥിരമായി അടച്ചുപൂട്ടുകയോ സ്ഥലം മാറ്റുകയോ ലൈസൻസിന്റെ ഉടമസ്ഥാവകാശം കൈമാറുകയോ ചെയ്യുന്നതിന് മുമ്പ് മന്ത്രാലയത്തിന്റെ അനുമതി നേടണം. അതിന് ഗുണഭോക്താക്കളോടുള്ള എല്ലാ ബാധ്യതകളും അവസാനിപ്പിക്കണം.

വിനോദസഞ്ചാരികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള നിബന്ധനകളും ഭേദഗതി മുന്നോട്ടുവെക്കുന്നു. നിരക്ക് നിർണയത്തിലെ സുതാര്യത, വിനോദസഞ്ചാരികളുടെ ഡാറ്റയും സ്വകാര്യതയും സംരക്ഷിക്കൽ, 24 മണിക്കൂറും പരാതികളോട് പ്രതികരിക്കൽ, വിലയിരുത്തലിനും ഫീഡ്ബാക്ക് സ്വീകരിക്കാനും വ്യക്തമായ സംവിധാനങ്ങൾ നൽകൽ എന്നിങ്ങനെയുള്ള ലൈസൻസികളുടെ കടമകൾ ഭേദഗതിയിൽ പറയുന്നു.

സേവനത്തിന്റെ തരം, മൊത്തം നിരക്ക്, വ്യവസ്ഥകൾ, റദ്ദാക്കൽ, റീഫണ്ട് നയങ്ങൾ എന്നിവ ഉൾപ്പെടുന്ന വിശദ ബുക്കിങ് രേഖ സേവന ദാതാക്കൾ പുറപ്പെടുവിക്കണമെന്നും കരട് നിയമം വ്യവസ്ഥ ചെയ്യുന്നു. റീഫണ്ടുകൾക്ക് പരമാവധി സമയ പരിധി നിശ്ചയിച്ചിയിക്കുകയും ചെയ്യുന്നു.

Similar Posts