< Back
Saudi Arabia
Saudi tourism achieved huge growth in 2025: Tourism Minister
Saudi Arabia

2025-ൽ സൗദി ടൂറിസം വൻ വളർച്ച നേടി: ടൂറിസം മന്ത്രി

Web Desk
|
10 Feb 2026 5:34 PM IST

വരാനിരിക്കുന്ന പ്രധാന പരിപാടികൾ 15 കോടി സന്ദർശകരെ ആകർഷിക്കും

റിയാദ്: 2025-ൽ രാജ്യത്തിന്റെ ടൂറിസം മേഖല വൻ വളർച്ച കൈവരിച്ചതായി ടൂറിസം മന്ത്രി അഹമ്മദ് അൽ-ഖതീബ്. പണം ചെലവിടുന്നതിലും സന്ദർശകരുടെ എണ്ണത്തിലും റെക്കോർഡുകൾ സൃഷ്ടിച്ചതായും സാമ്പത്തിക പരിവർത്തനത്തിന്റെ പ്രധാന ഘടകമായി ഇത്‌ മാറിയെന്നും ടൂറിസം മന്ത്രി പറഞ്ഞു. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) സ്വകാര്യ മേഖല ഫോറത്തിനിടെ നടന്ന 'ബിസിനസ്സിനായി ഗവൺമെൻറ് പ്രവർത്തിക്കുമ്പോൾ' എന്ന മന്ത്രിതല പാനലിലാണ് ഇക്കാര്യം പറഞ്ഞത്. പരമ്പരാഗത മേഖലകൾക്കപ്പുറം സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാൻ ലക്ഷ്യമിടുന്ന സൗദി വിഷൻ 2030-ൽ മുഖേനയാണ് ഈ നേട്ടങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടൂറിസം മേഖലയുടെ ജിഡിപി സംഭാവന 2019-ൽ 3.5% ആയിരുന്നു. നിലവിൽ 5% ആയി ഉയർന്നിട്ടുണ്ട്. 10% ആക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ഏകദേശം 7,50,000 ആയിരുന്ന തൊഴിലവസരങ്ങൾ പത്ത് ലക്ഷം കവിഞ്ഞതായും പറഞ്ഞു.

റെഡ് സീ, ഖിദ്ദിയ പദ്ധതികൾ പോലുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ പിഐഎഫ് വികസിപ്പിച്ച് നിക്ഷേപം ആകർഷിക്കുകയാണെന്നും ഹോട്ടലുകളിലും ടൂറിസം അനുഭവങ്ങളിലും സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തിന് അവസരങ്ങൾ സൃഷ്ടിക്കുമെന്നു അൽ-ഖതീബ് പറഞ്ഞു.

ഗവൺമെൻറ് ടൂറിസം വികസന ഫണ്ടിൽ നിന്നുള്ള പ്രോത്സാഹനങ്ങളും ധനസഹായവും വഴി ടൂറിസം ബിസിനസ്സ് അന്തരീക്ഷം മെച്ചപ്പെടുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര പ്രദർശനങ്ങളും കായിക മത്സരങ്ങളും ഉൾപ്പെടെ വരാനിരിക്കുന്ന പ്രധാന പരിപാടികൾ 15 കോടി വിനോദ സഞ്ചാരികളെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

Similar Posts