< Back
Saudi Arabia
സൗദിയിൽ സർവകലാശാലകളുടെ വികസനം ലക്ഷ്യമിട്ട് വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു
Saudi Arabia

സൗദിയിൽ സർവകലാശാലകളുടെ വികസനം ലക്ഷ്യമിട്ട് വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു

Web Desk
|
18 July 2022 11:19 PM IST

വിദ്യഭ്യാസമന്ത്രി ഹമദ് ആൽ ഷെയ്ഖിന്റെ നേതൃത്വത്തിലുള്ള യൂണിവേഴ്സിറ്റി അഫയേഴ്സ് കൗൺസിലാണ് വികസന പദ്ധതികൾ പുറത്തിറക്കിയത്. രാജ്യത്തെ സർവകലാശാലകളിൽ നിന്നും ബിരുദം പൂർത്തിയാക്കി ഇറങ്ങിയവരുടെയും പഠനം തുടരുന്നവരുടെയും കണക്കുകൾ ശേഖരിച്ചാണ് നടപടി.

റിയാദ്: സൗദിയിൽ സർവ്വകലാശാലകളിലെ പഠന രീതികൾ മാറുന്നു. രാജ്യത്തെ തൊഴിൽ വിപണിയുടെ ആവശ്യകതക്കനുസരിച്ച് കോഴ്സുകളും ബിരുദങ്ങളും ഏർപ്പെടുത്താനൊരുങ്ങി വിദ്യഭ്യാസ മന്ത്രാലയം നടപടികളാരംഭിച്ചു. വിദ്യഭ്യാസ പ്രക്രിയ കൂടുതൽ മെച്ചപ്പെടുത്തി തൊഴിൽ വിപണിയിലെ ആവശ്യകതകൾ നിറവേറ്റുന്നതിന് ലക്ഷ്യമിട്ടാണ് പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നത്.

വിദ്യഭ്യാസമന്ത്രി ഹമദ് ആൽ ഷെയ്ഖിന്റെ നേതൃത്വത്തിലുള്ള യൂണിവേഴ്സിറ്റി അഫയേഴ്സ് കൗൺസിലാണ് വികസന പദ്ധതികൾ പുറത്തിറക്കിയത്. രാജ്യത്തെ സർവകലാശാലകളിൽ നിന്നും ബിരുദം പൂർത്തിയാക്കി ഇറങ്ങിയവരുടെയും പഠനം തുടരുന്നവരുടെയും കണക്കുകൾ ശേഖരിച്ചാണ് നടപടി. ഒപ്പം ഇവർ ജോലി ചെയ്യുന്ന മേഖലകൾ, വേതനം, ജോലി സ്ഥിരത എന്നിവയും പഠനവിധേയമാക്കിയാകും പദ്ധതികൾ. സർവ്വകലാശാലകളിലെ അക്കാദമിക് പ്രോഗ്രാമുകളും തൊഴിൽ വിപണിയിലെ ആവശ്യകതകളും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും പദ്ധതികൾ സഹായിക്കും.

വിപണി മൂല്യത്തിനനുസരിച്ച് വിവിധ മേഖലകളിലുള്ള പഠന സീറ്റുകളുടെ എണ്ണം വർധിപ്പിക്കും. ആരോഗ്യം, എഞ്ചിനിയറിങ്, സാങ്കേതിക വിദ്യ, ബിസിനസ് അഡ്മിനിസ്ട്രേഷൻ ഫക്കൽറ്റികളിലെ പ്രവേശന നിരക്കുകളാണ് ആദ്യഘട്ടത്തിൽ ഇരട്ടിയായി വർധിപ്പിക്കുന്നത്. തൊഴിൽ വിപണിയുമായി പൊരുത്തപ്പെടാത്ത കോഴ്സുകളുടെ എണ്ണത്തിൽ കുറവ് വരുത്തുകയും ചെയ്യും. മൂന്ന് മുതൽ അഞ്ച് വർഷത്തേക്കാണ് പദ്ധതി പ്രഖ്യാപിച്ചത്. മൂന്ന് വർഷത്തിന് ശേഷം വീണ്ടും പുനപരിശോധന നടത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രാലയം അറിയിച്ചു.

Related Tags :
Similar Posts