< Back
Saudi Arabia
വേൾഡ് ട്രേഡ് സെന്റർ അന്വേഷണ രേഖകൾ പരസ്യമാക്കാനുള്ള യു.എസ് തീരുമാനം സ്വാഗതം ചെയ്ത് സൗദി
Saudi Arabia

വേൾഡ് ട്രേഡ് സെന്റർ അന്വേഷണ രേഖകൾ പരസ്യമാക്കാനുള്ള യു.എസ് തീരുമാനം സ്വാഗതം ചെയ്ത് സൗദി

Web Desk
|
9 Sept 2021 11:14 PM IST

സൗദി അറേബ്യ അല്‍ഖ്വയ്ദയ്ക്ക് നേരിട്ട് ധനസഹായം നല്‍കിയതിന്റെ തെളിവുകളൊന്നും ഇല്ലെന്നാണ് നിലവിലെ അന്വേഷണ റിപ്പോർട്ട്.

സെപ്തംബർ പതിനൊന്നിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണ രേഖകൾ പരസ്യമാക്കാനുള്ള യു.എസ് തീരുമാനം സൗദി അറേബ്യ സ്വാഗതം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ പുറത്ത് വിടാനാണ് യു.എസ് തീരുമാനിച്ചത്. ആക്രമണത്തിലെ പ്രതികളെ സഹായിച്ചെന്ന വാദം തെറ്റാണെന്ന്തെളിയിക്കാൻ ഇതിനാകുമെന്ന് സൗദി അറേബ്യ പ്രസ്താവനയിൽ പറഞ്ഞു.

2001 സെപ്റ്റംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട രേഖകള്‍ പരസ്യമാക്കാനാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഈ നീക്കത്തെ സ്വാഗതം ചെയ്യുകയാണ് സൗദി അറേബ്യ. വിഷയത്തിൽ എഫ്.ബി.ഐ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച രഹസ്യ രേഖകള്‍ ഇത്രയും കാലം പുറത്ത് വിട്ടിരുന്നില്ല. ആക്രമണം നടന്ന 20 വർഷം പൂർത്തിയാകാനിരിക്കെ ഇവ പുറത്ത് വിടണമെന്ന് ആക്രമണത്തെ അതിജീവിച്ചവരും മരിച്ചവരുടെ ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു.

ഈ സാഹചര്യത്തിലാണ്, ആറു മാസത്തിനുള്ളില്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കണമെന്ന് ബൈഡന്‍ നിർദേശിച്ചത്. അല്‍ഖ്വയ്ദ തീവ്രവാദികളെ സൗദി സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ സഹായിച്ചുവെന്ന് തെളിയിക്കുന്ന രേഖകള്‍ മറച്ചു വെച്ചെന്നായിരുന്നു പ്രധാന ആരോപണം. ഇത് തെറ്റാണെന്ന് തെളിയിക്കാൻ തെളിവുകളും രേഖകളും പുറത്ത് വിടുന്നതോടെ സാധിക്കുമെന്ന് സൗദിയുടെ വാഷിങ്ടൺ എംബസി പ്രസ്താവനയിൽ പറഞ്ഞു.

സൗദി അറേബ്യ അല്‍ഖ്വയ്ദയ്ക്ക് നേരിട്ട് ധനസഹായം നല്‍കിയതിന്റെ തെളിവുകളൊന്നും ഇല്ലെന്നാണ് നിലവിലെ അന്വേഷണ റിപ്പോർട്ട്. സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണം സംഘടിപ്പിച്ച 19 ല്‍ 15 പേർ സൗദി പൗരന്‍മാരായിരുന്നു. മൂവായിരത്തോളം പേരുടെ മരണത്തിനിടയാക്കിയ ആക്രമണം അമേരിക്കയെ പിടിച്ചു കുലുക്കിയിരുന്നു. രണ്ട് പാസഞ്ചര്‍ എയര്‍ലൈനുകളായിരുന്നു വേള്‍ഡ് ട്രേഡ് സെന്ററില്‍ അന്ന് ഇടിച്ചു കയറ്റിയത്. മൂന്നാമത്തേത് പെന്റഗണില്‍ തകര്‍ന്നുവീണു.

വാഷിംഗ്ടണ്‍ ഡി.സിയിലേക്ക് പറന്ന നാലാമത്തെ വിമാനം പെന്‍സില്‍വാനിയയിലെ ഒരു കൃഷിയിടത്തിലും പതിച്ചു. സൗദിയുടെ അടുത്ത സഖ്യ രാജ്യങ്ങളിലൊന്നായ യു.എസിനെതിരായ ആക്രമണത്തെ സൗദി തുടക്കം മുതൽ അപലപിച്ചിരുന്നു. ഭീകരവാദത്തിനും തീവ്രവാദത്തിനും ഇവക്കുള്ള ഫണ്ടിങിനുമെതിരെ സൗദി കർശനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

തെളിവുകൾ പുറത്ത് വിടാനുള്ള യുഎസ് തീരുമാനം സംശയത്തിന്റെ മറയിൽ നിന്നും സൗദി അറേബ്യയെ മാറ്റുമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

Similar Posts