
മക്ക -മദീന മേഖലയിൽ നാളെ സ്‌കൂൾ തുറക്കും
|ഒരാഴ്ച വൈകിയാണ് സ്‌കൂളുകൾ തുറക്കുന്നത്
ജിദ്ദ: സൗദിയിലെ മക്ക -മദീന മേഖലയിലെ സ്‌കൂളുകൾ നാളെ തുറക്കും. വേനൽ അവധിക്ക് ശേഷമാണ് സ്‌കൂളുകൾ തുറക്കുന്നത്. സൗദി സ്‌കൂളുകളോടൊപ്പം ഇന്ത്യൻ സ്‌കൂളും നാളെ തുറക്കും. സൗദിയുടെ ഇതര ഭാഗങ്ങളിൽ തുറക്കാതെ അവശേഷിച്ച സ്‌കൂളുകളും നാളെ മുതൽ ആരംഭിക്കും. റിയാദ് ഉൾപ്പെടെ സൗദിയിലെ 11 മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോയവാരം തുറന്നിരുന്നു.
മക്ക, മദീന, ജിദ്ദ, ത്വായിഫ് എന്നിവിടങ്ങളിലെ സ്‌കൂളുകളാണ് നാളെ തുറക്കുക. 14 ലക്ഷം വിദ്യാർഥികൾ മക്ക മേഖലയിൽ പഠിക്കുന്നുണ്ട്. ജിദ്ദയിൽ മാത്രം 2300 സ്‌കൂളുകളുണ്ട്. ഇവയിൽ 7,14,000 വിദ്യാർഥികളാണ് പഠിക്കുന്നത്. സ്‌കൂളുകൾ രാവിലെ 6:45-നും സായാഹ്ന സ്‌കൂളുകൾ 12:45-നും പ്രവർത്തനം ആരംഭിക്കും. തുടർവിദ്യാഭ്യാസ പ്രൈമറി സ്‌കൂളുകളിൽ ആൺകുട്ടികൾക്ക് വൈകുന്നേരം അഞ്ചിനും പെൺകുട്ടികൾക്ക് വൈകിട്ട് 3:30-നും ആരംഭിക്കും. മക്ക മേഖല വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
പ്രാരംഭ പ്രവർത്തനങ്ങൾക്കായി സ്‌കൂൾ ജീവനക്കാരോട് നേരത്തെ സ്‌കൂളുകളിലെത്താൻ നിർദേശമുണ്ടായിരുന്നു. ഇതോടൊപ്പം ക്ലാസുകൾ റിയാദ് ഉൾപ്പെടെ വിവിധ മേഖലകളിൽ തുറക്കാതിരുന്ന ഇന്റർനാഷണൽ സ്‌കൂളുകളും നാളെ മുതൽ പ്രവർത്തനമാരംഭിക്കും. ഫലത്തിൽ രാജ്യത്തൊട്ടാകെ മുഴുവൻ സ്‌കൂളുകളും നാളെ മുതൽ പ്രവർത്തന സജ്ജമാകും. രാവിലെ റോഡുകളിൽ കൂടുതൽ തിരക്കും അനുഭവപ്പെടും.