< Back
Saudi Arabia
ഗസ്സയിലെ ജനങ്ങൾക്കുള്ള സൗദിയുടെ നാലാംഘട്ട സഹായവും ഈജിപ്തിലെത്തി
Saudi Arabia

ഗസ്സയിലെ ജനങ്ങൾക്കുള്ള സൗദിയുടെ നാലാംഘട്ട സഹായവും ഈജിപ്തിലെത്തി

Web Desk
|
12 Nov 2023 10:11 PM IST

ഭക്ഷ്യ ഉല്‍പന്നങ്ങള്‍, താല്‍ക്കാലിക പാര്‍പ്പിട സൗകര്യങ്ങള്‍ എന്നിവയടങ്ങുന്ന മുപ്പത്തിയഞ്ച് ടണ്‍ വസ്തുക്കളുമായാണ് വിമാനം ഈജിപ്തിലെത്തിയത്

റിയാദ്: യുദ്ധക്കെടുതി അനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങള്‍ക്കുള്ള സൗദിയുടെ നാലാം ഘട്ട സഹായവും ഈജിപ്തിലെത്തി. മുപ്പത്തിയഞ്ച് ടണ്‍ വസ്തുക്കളുമായാണ് വിമാനം ഈജിപ്തിലെത്തിയത്.

ഇതിനകം ഈജിപ്തിലെത്തിച്ച ആദ്യഘട്ട സഹായങ്ങളിലെ വസ്തുക്കള്‍ ഫലസ്തീനിലേക്കെത്തിക്കുന്നതിനായി റഫാ അതിര്‍ത്തിയിലേക്കെത്തിച്ചതായി കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ അറിയിച്ചു.

ഇസ്രായേല്‍ ആക്രമണത്തില്‍ കൊടിയ ദുരിതമനുഭവിക്കുന്ന ഗസ്സയിലെ സാധാരണക്കാരായ ജനങ്ങള്‍ക്കുള്ള സൗദിയുടെ സഹായം തുടരുകയാണ്. നാലാം ഘട്ട സഹായവുമായി സൗദിയുടെ വിമാനം ഈജിപ്തിലെ അല്‍ അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എത്തിയത്. അവശ്യ സാധനങ്ങളായ ഭക്ഷ്യ ഉല്‍പന്നങ്ങള്‍, താല്‍ക്കാലിക പാര്‍പ്പിട സൗകര്യങ്ങള്‍, മരുന്നുകള്‍ എന്നിവ അടങ്ങുന്നതാണ് സഹായം.

35 ടണ്‍ ദുരിതാശ്വാസ വസ്തുക്കളാണ് നാലാം ഘട്ടത്തില്‍ വിതരണത്തിനായി അയച്ചത്. വിമാനത്താവളത്തിലെത്തിച്ച ഉല്‍പന്നങ്ങള്‍ ദുരിത മുഖത്തുള്ള ആളുകള്‍ക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. ഇതിനിടെ ഫലസ്തീനായി സൗദിയില്‍ ആരംഭിച്ച പബ്ലിക് ഫണ്ട് ശേഖരണത്തിലേക്ക് നിലക്കാത്ത പ്രവാഹം തുടരുകയാണ്. സാഹിം പ്ലാറ്റ്‌ഫോം വഴിയുള്ള ധനസമാഹരണം 463 ദശലക്ഷം റിയാല്‍ പിന്നിട്ടു.



Related Tags :
Similar Posts