< Back
Saudi Arabia
എല്ലാ സംഘർഷങ്ങളേയും അതിജീവിക്കും; സൗദിയുടെ ക്രെഡിറ്റ് റേറ്റിങ് A+ ആയി നിലനിർത്തി എസ്&പി ഗ്ലോബൽ
Saudi Arabia

'എല്ലാ സംഘർഷങ്ങളേയും അതിജീവിക്കും'; സൗദിയുടെ ക്രെഡിറ്റ് റേറ്റിങ് A+ ആയി നിലനിർത്തി എസ്&പി ഗ്ലോബൽ

Web Desk
|
14 March 2026 5:38 PM IST

റിയാദ്: സൗദിയുടെ ക്രെഡിറ്റ് റേറ്റിങ് A+ ആയി നിലനിർത്തി ആഗോള റേറ്റിങ് ഏജൻസിയായ എസ് ആൻഡ് പി. മേഖലയിൽ സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അവയെ അതിജീവിക്കാനുള്ള സൗദി സമ്പദ്വ്യവസ്ഥയുടെ കരുത്തും സാമ്പത്തിക പരിഷ്‌കരണ നടപടികളുമാണ് ഈ മികച്ച റേറ്റിങ്ങിന് ആധാരമായത്. നിലവിലെ വെല്ലുവിളികൾ മാർച്ചോടെ അവസാനിക്കുമെന്നും രാജ്യം കൂടുതൽ സുരക്ഷിതമായ പാതയിലേക്ക് നീങ്ങുമെന്നും ഏജൻസി വിലയിരുത്തുന്നു. എണ്ണക്കയറ്റുമതിക്കായി ചെങ്കടലിലെ യാമ്പു തുറമുഖം പോലുള്ള ബദൽ മാർഗങ്ങൾ ഉപയോഗിക്കാനുള്ള സൗദിയുടെ ശേഷി ആഗോള വിപണിയിൽ രാജ്യത്തിന്റെ വിശ്വാസ്യത വർധിപ്പിക്കുന്നുണ്ട്.

രാജ്യത്തിന്റെ എണ്ണയിതര വരുമാനത്തിലുണ്ടായ വമ്പിച്ച വർധനവിനെ റിപ്പോർട്ട് പ്രത്യേകം പ്രശംസിക്കുന്നു. 2018ൽ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 65 ശതമാനമായിരുന്ന എണ്ണയിതര മേഖലയുടെ പങ്ക് ഇപ്പോൾ 70 ശതമാനമായി ഉയർന്നിട്ടുണ്ട്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ വിഷൻ 2030ന്റെ ഭാഗമായുള്ള പരിഷ്‌കാരങ്ങൾ ഫലം കാണുന്നു എന്നതിന്റെ തെളിവാണിത്. 2026ൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക് 4.4 ശതമാനം വരെ ഉയരുമെന്നും വലിയ വികസന പദ്ധതികൾ സൗദിയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുമെന്നും എസ് ആൻഡ് പി റിപ്പോർട്ട് വ്യക്തമാക്കുന്നു.

Related Tags :
Similar Posts