< Back
Saudi Arabia
SpiceJet Crisis Continues
Saudi Arabia

സ്പൈസ് ജെറ്റ് പ്രതിസന്ധി തുടരുന്നു: യാത്രക്കാരുടെ ലഗേജുകൾ ഇന്നും ലഭിച്ചില്ല

Web Desk
|
21 March 2023 11:55 PM IST

കോഴിക്കോട് നിന്നും ഇന്നലെ ജിദ്ദയിലെത്തിയ രണ്ട് സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരാണ് ലഗേജ് ലഭിക്കാതെ പ്രതിസന്ധിയിലായത്

ഇന്നലെ കോഴിക്കോട് നിന്നും സ്പൈസ് ജെറ്റ് വിമാനത്തിൽ ജിദ്ദയിലെത്തിയ യാത്രക്കാർക്ക് ഇത് വരെയും ലഗേജ് ലഭിച്ചില്ലെന്ന് പരാതി. ഇത് മൂലം ജിദ്ദക്ക് പുറത്തേക്ക് യാത്ര ചെയ്യേണ്ടിയിരുന്ന നിരവധി പേർ ജിദ്ദയിൽ കുടുങ്ങി. മരുന്നുകളും മറ്റും ലഗേജിനകത്തായതിനാൽ ഉംറക്കെത്തിയ നിരവധി തീർഥാടകരും പ്രയാസത്തിലായി.

കോഴിക്കോട് നിന്നും ഇന്നലെ ജിദ്ദയിലെത്തിയ രണ്ട് സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരാണ് ലഗേജ് ലഭിക്കാതെ പ്രതിസന്ധിയിലായത്. രാവിലെ 10 മണിക്ക് ജിദ്ദയിലെത്തിയ വിമാനത്തിലെ യാത്രക്കാരോട് ഉച്ചക്ക് 2.30ന് വരുന്ന വിമാനത്തിൽ ലഗേജ് വരുമെന്നും അതുവരെ കാത്തിരിക്കണമെന്നുമായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ഉച്ചക്ക് 2.30ന് എത്തിയ വിമാനത്തിലും പലർക്കും ലഗേജ് ലഭിച്ചില്ല. ഇതോടെ നിരവധി പ്രവാസികളും സ്ത്രീകളും, കുട്ടികളും വയോധികരായ ഉംറ തീർഥാകടകരും പ്രതിസന്ധിയിലായി.

ചില തീർഥാടകരുടെ മരുന്നുകൾ ലഗേജിനകത്ത് കുടുങ്ങിയതിനാൽ ജിദ്ദയിലെ ആശുപത്രിയിലെത്തി വീണ്ടും മരുന്നുകൾ വാങ്ങേണ്ടി വന്നു. ജിദ്ദയിൽ നിന്നും മറ്റു വിമാനങ്ങളിൽ ദൂരെ സ്ഥലങ്ങളിലേക്ക് പോകേണ്ടിയിരുന്ന സ്ത്രീകളും കുട്ടികളുമുൾപ്പെടെയുളളവർ യാത്ര തുടരാനാകാതെ പ്രതിന്ധിയിലായി. കണക്ഷൻ വിമാനത്തിന് വേണ്ടി എടുത്തിരുന്ന ടിക്കറ്റിൻ്റെ പണവും നഷ്ടമായതായി യാത്രക്കാർ പറയുന്നു.

ഇന്ന് ലഗേജുകൾ വിതരണം ചെയ്യുമെന്നായിരുന്നു ഇന്നലെ വൈകുന്നേരം യാത്രക്കാരെ അറിയിച്ചിരുന്നത്, എന്നാൽ ഇത് വരെ ലഗേജ് സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചില്ലെന്ന് യാത്രക്കാർ മീഡിയവണ്ണിനോട് പറഞ്ഞു. ഇത് മൂലം ജിദ്ദക്ക് പുറത്തേക്ക് യാത്ര ചെയ്യേണ്ടിയിരുന്ന പലരും ജിദ്ദയിലെ ഹോട്ടലുകളിലും പരിചയക്കാരോടൊപ്പവുമാണ് താമസിക്കുന്നത്. ഇനി എപ്പോൾ ലഗേജ് ലഭിക്കുമെന്ന ചോദ്യത്തിനും കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന് യാത്രക്കാർ പറഞ്ഞു. ഇത് സംബന്ധിച്ച് സപൈസ് ജെറ്റിനെതിരിൽ അധികൃതർക്ക് പരാതി നൽകുമെന്ന് യാത്രക്കാർ പറഞ്ഞു.

Similar Posts