
കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിയ മക്ക ഹറം പള്ളിയിലെ ഖുർആൻ പഠനം പുനരാരംഭിച്ചു
|രണ്ട് ഡോസ് വാക്സിന് പൂര്ത്തിയാക്കിയ പഠിതാക്കള്ക്കാണ് അവസരം നല്കുക. ആദ്യ ഘട്ടത്തില് എട്ട് പേരടങ്ങുന്ന ബാച്ചുകള്ക്കാണ് പഠനം ആരംഭിക്കുക.
മക്കയിലെ വിശുദ്ധ ഹറം പള്ളിയില്‍ കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഖുര്‍ആന്‍ പഠനക്ലാസുകള്‍ വീണ്ടും ആരംഭിച്ചു. രണ്ട് ഡോസ് വാക്സിന് പൂര്ത്തിയാക്കിയ പഠിതാക്കള്ക്കാണ് അവസരം നല്കുക. ആദ്യ ഘട്ടത്തില് എട്ട് പേരടങ്ങുന്ന ബാച്ചുകള്ക്കാണ് പഠനം ആരംഭിക്കുക. വൈകിട്ട് നാല് മുതല് രാത്രി എട്ട് വരെയാണ് പഠനത്തിന് സൌകര്യമുണ്ടാകുക.
വിശുദ്ധ ഖുര്‍ആന്‍ പഠനത്തിന് ഏര്‍പ്പെടുത്തിയിരുന്ന സൗകര്യങ്ങളാണ് വീണ്ടും പുനരാരംഭിച്ചത്. മക്കയിലെ വിശുദ്ധ ഹറമിലാണ് ഖുര്‍ആന്‍ മനപാഠമാക്കുന്നതിനും പാരായണത്തിനുമായി വീണ്ടും ക്ലാസുകള്‍ക്ക് തുടക്കം കുറിച്ചത്. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന പഠനമാണ് രണ്ട് വര്ഷത്തിന് ശേഷം വീണ്ടും പുനരാരംഭിച്ചത്. മസ്ജിദുല്‍ ഹറമിലെ ഖുര്‍ആന്‍ പഠന സൗകകര്യം വീണ്ടും നിബന്ധനകളോടെ ആരംഭിക്കുന്നതായി ഇരു ഹറം കാര്യാലയ മേധാവി ബദര്‍ അല്‍ മുഹമ്മദ് പറഞ്ഞു. രണ്ട് ഡോസ് വാക്സിന് പൂര്ത്തിയാക്കിയ പഠിതാക്കള്‍ക്കാണ് ക്ലാസുകളില്‍ പങ്കെടുക്കുന്നതിന് അനുമതിയുള്ളത്.
ആദ്യ ഘട്ടത്തില് എട്ട് പേരടങ്ങുന്ന നിശ്ചിത എണ്ണം ബാച്ചുകള്‍ക്കാണ് പഠനം ആരംഭിക്കുക. ദിവസത്തില്‍ ഒറ്റ സെക്ഷന്‍ മാത്രമാണ് തുടക്കത്തില്‍ അനുവദിക്കുക. വൈകിട്ട് നാല് മുതല് രാത്രി എട്ട് മണ വരെയായിരിക്കും ക്ലാസുകള്‍. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ വലിയ കുറവ് വന്നതും ഭൂരിഭാഗം പേരും കുത്തിവെപ്പ് പൂര്‍ത്തിയാക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങളും ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നത്.