< Back
Saudi Arabia

Saudi Arabia
സൗദിയിൽ ഉപയോഗിക്കാത്ത ഭൂപ്രദേശത്തിന് പത്ത് ശതമാനം നികുതി
|13 Aug 2025 9:05 PM IST
റിയാദ് ഉൾപ്പെടെ നഗരങ്ങളിൽ വാടക നിരക്ക് കുറക്കാനാണ് പദ്ധതി
റിയാദ്:സൗദി അറേബ്യയിൽ ഉപയോഗിക്കാത്ത ഭൂപ്രദേശത്തിന് പത്ത് ശതമാനം നികുതി പ്രാബല്യത്തിലായി. റിയാദ് ഉൾപ്പെടെ നഗരങ്ങളിൽ വാടക നിരക്ക് കുറക്കാനാണ് പദ്ധതി. റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ വില വർധിക്കും വരെ ഭൂമി വെറുതെയിടുന്നത് തടയലും ലക്ഷ്യമാണ്.
റിയാദ്, ജിദ്ദ ഉൾപ്പെടെ നഗരങ്ങളിൽ വാടക നിരക്ക് വർധിച്ചിരുന്നു. ഇതിന് പിന്നാലെ നിരക്ക് വർധന തടയാൻ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു. ഇതിൽ പെട്ടതായിരുന്നു ഒഴിഞ്ഞു കിടക്കുന്ന ഭൂപ്രദേശത്തിന് നികുതി ഏർപ്പെടുത്തൽ. ഇതാണിന്ന് പ്രാബല്യത്തിലായത്. നഗരങ്ങളിലെ ഭൂപ്രദേശങ്ങളിലാകും ഇത് നടപ്പാക്കുക. വാടക ഉയരുന്ന പ്രദേശങ്ങളിലും ഇത് പ്രാബല്യത്തിലാക്കും. സ്ഥലം വില വർധനക്കായി ഉപയോഗിക്കാതിരിക്കൽ, ഏകാധിപത്യ പ്രവണത അവസാനിപ്പിക്കൽ എന്നിവയാണ് ലക്ഷ്യങ്ങൾ. നിലവിൽ ബാധകമാകുന്ന മുഴുവൻ ഭൂപ്രദേശങ്ങളിലെ ഉടമകളേയും ഇക്കാര്യം അറിയിക്കും.