< Back
Saudi Arabia
Saudi Cabinet approves special law allowing those on family visas to work in Saudi Arabia
Saudi Arabia

സൗദിയിൽ ശമ്പള സുരക്ഷാ നിയമം നടപ്പാക്കാനുള്ള സമയപരിധി നാളെ അവസാനിക്കും

Web Desk
|
14 Sept 2025 10:39 PM IST

രണ്ട് മാസത്തിലേറെ ശമ്പളം മുടങ്ങിയാൽ തൊഴിലാളിക്ക് സ്‌പോൺസറുടെ അനുമതിയില്ലാതെ ജോലി മാറാനാകും

റിയാദ്:സൗദിയിലെ പ്രവാസികൾക്ക് മുഴുവൻ നേട്ടമാകുന്ന ശമ്പള സുരക്ഷാ നിയമം നടപ്പാക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. നിയമമനുസരിച്ച് കമ്പനിയുടെ അക്കൗണ്ടിൽ നിന്ന് ഓരോ മാസവും കൃത്യമായി തൊഴിലാളിയുടെ അക്കൗണ്ടിലേക്ക് ശമ്പളമെത്തിയിരിക്കണം. തുടർച്ചയായി രണ്ട് മാസത്തിലേറെ ശമ്പളം മുടങ്ങിയാൽ തൊഴിലാളിക്ക് സ്‌പോൺസറുടെ അനുമതിയില്ലാതെ ജോലി മാറാനാകും. പ്രവാസികൾക്ക് നേട്ടമാകുന്നതാണ് തീരുമാനം. സൗദിയിലെ മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് സ്ഥാപനങ്ങളോട് വേജ് പ്രൊട്ടക്ഷൻ സിസ്റ്റം അഥവാ ഡബ്ല്യുപിഎസ് നടപ്പാക്കാൻ ആവശ്യപ്പെട്ടത്.

2013-ൽ ആരംഭിച്ച ഈ സംവിധാനത്തിന്റെ അവസാന ഘട്ടമാണ് നാളെ പ്രാബല്യത്തിലാവുക. തൊഴിലാളികൾക്ക് കരാറിൽ വ്യക്തമാക്കിയ സമയത്തും തുകയിലും ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. സ്ഥാപനമോ സ്‌പോൺസറോ ശമ്പളം മുടക്കിയാൽ അത് ഓട്ടോമാറ്റിക്കായി നിരീക്ഷപ്പെടുകയും സ്ഥാപനത്തിന്റെ സേവനം തടസ്സപ്പെടാനും കാരണമാകും. നേരിട്ട് ബാങ്കുവഴിയാണ് ഡബ്ല്യുപിഎസിന്റെ പ്രവർത്തനം. ഇതിനായി സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ട് മദദ് പ്ലാറ്റ്ഫോമുമായി ലിങ്ക് ചെയ്യും. ഇതോടെ ശമ്പള വിതരണം ബാങ്ക് വഴി മാത്രമേ നടത്താവൂ.

ഓരോ മാസവും എച്ച്ആർ അക്കൗണ്ട്‌സ് വിഭാഗം തൊഴിലാളികളുടെ പേസ്ലിപ് മദദ് പ്ലാറ്റ്‌ഫോമിൽ അപ്ലോഡ് ചെയ്യണം. ഇതിൽ ശമ്പളത്തുകയും ആനുകൂല്യങ്ങളും കൂട്ടുകയും പിഴകളുണ്ടെങ്കിൽ കുറക്കുകയും ചെയ്യാം. ഇതോടെ 48 മണിക്കൂറിനകം ശമ്പളം അക്കൗണ്ടിലേക്ക് ട്രാൻസ്ഫറാകും.

പ്രവാസികൾക്ക് വലിയ നേട്ടമാകും തീരുമാനം. കാരണം, ഡബ്ല്യുപിഎസ് വഴി ശമ്പളം തുടർച്ചയായി രണ്ട് മാസമോ അതിൽ കൂടുതലോ മുടങ്ങിയാൽ, തൊഴിലാളിക്ക് തൊഴിൽ കരാർ റദ്ദാക്കാം. പുതിയ ജോലിയിലേക്ക് സ്‌പോൺസറുടെ അനുമതിയില്ലാതെ മാറുകയും ചെയ്യാം. ഖിവ പ്ലാറ്റ്‌ഫോം വഴി ഇതിനുള്ള അപേക്ഷ നൽകാനാകും. മാത്രവുമല്ല ഡബ്ല്യുപിഎസിന്റെ ഡാറ്റ ഉപയോഗിച്ച് ശമ്പള കുടിശ്ശിക, നഷ്ടപരിഹാരം, ബോണസ്) തുടങ്ങിയവക്ക് ഓൺലൈൻ വഴി കോടതിയിലും പരാതി നൽകാം. വേഗത്തിൽ തീർപ്പുണ്ടാകും. ഇനി തുടരെ ശമ്പളം മുടങ്ങി, തൊഴിലാളിക്ക് നാട്ടിലേക്ക് പോകാനാണ് താൽപര്യമെങ്കിൽ സ്‌പോൺസറുടെ സമ്മതമില്ലാതെ ഫൈനൽ എക്‌സിറ്റും ലഭിക്കും. ഫലത്തിൽ സ്‌പോൺസർക്കും സ്ഥാപനത്തിനും ശമ്പളം നൽകാത്തതിന് ഒരു ന്യായീകരണവും ഇനിയുണ്ടാകില്ല. ഡബ്ലുപിഎസ് രേഖകൾ മന്ത്രാലയം തന്നെ നേരിട്ട് നിരീക്ഷിക്കും. പാലിക്കാത്ത സ്ഥാപനങ്ങൾക്ക് സർവീസുകൾ റദ്ദാകുന്നതിന് പുറമെ പിഴയും ലഭിക്കും.

Similar Posts