< Back
Saudi Arabia
സൗദിയിലെ ഡിജിറ്റൽ മേഖലയിൽ മൂന്നുലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി ഐടി കമ്യൂണിക്കേഷൻ മന്ത്രി
Saudi Arabia

സൗദിയിലെ ഡിജിറ്റൽ മേഖലയിൽ മൂന്നുലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി ഐടി കമ്യൂണിക്കേഷൻ മന്ത്രി

Web Desk
|
11 Feb 2025 8:31 PM IST

ഡീപ് സീക് ഉൾപ്പെടെ എ.ഐ മേഖലയിൽ സൗദി നേട്ടങ്ങൾ സൃഷ്ടിക്കുകയാണ്

റിയാദ്: സൗദിയിലെ ഡിജിറ്റൽ എക്കണോമിയുടെ വളർച്ച എഴുപത്തി മൂന്ന് ശതമാനം എത്തിയിട്ടുണ്ട്. ഓരോ വർഷവും പതിമൂന്ന് ശതമാനം എന്ന തോതിലാണ് വളർച്ച. ഡിജിറ്റൽ എക്കണോമി സാമ്പത്തിക രംഗത്തിന്റെ വളർച്ച മൂല്യം നിലവിൽ 495 ബില്ല്യൺ റിയാലായി ഉയർന്നതായും കമ്മ്യൂണിക്കേഷൻ, ഐടി മന്ത്രി അബ്ദുള്ള അൽ സ്വാഹ പറഞ്ഞു. ഈ രംഗത്ത് പ്രവർത്തിക്കുന്നത് 1500 കമ്പനികളാണ്. ഇതിൽ എഴുനൂറോളം എണ്ണം സൗദിയിലെയും, ജിസിസി രാജ്യങ്ങളിലെയും കമ്പനികളാണ്. ഐടി, ഡിജിറ്റൽ എന്നീ മേഖലകളിൽ 381000 ജോലി അവസരങ്ങൾ സൃഷ്ടിക്കാനും സൗദിക്ക് സാധിച്ചു. അരാംകോക്ക് കീഴിൽ 150 മെഗാ വാട്ട് ശേഷിയിലുള്ള ഇൻഫറൻസ് സെന്റർ സാങ്കേതിക മേഖലയിൽ സൃഷ്ടിച്ചതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എഐ സഹായത്തോടെ പൂർണ്ണമായും റോബോട്ടിക് ഹൃദയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ രാജ്യത്ത് വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ജെനറേറ്റീവ് എഐ, ജെൻ ടെക്ക് എഐ, ഓട്ടോണമസ് എഐ എന്നീ മേഖലകളിൽ രാജ്യം ഏറെ മുന്നോട്ട് പോയിട്ടുണ്ട്. ഡീപ് സീക്കിൽ ഉൾപ്പെടെ സൗദി സഹകരണം ഉറപ്പാക്കുന്നു. സൗദിയിലെ ഏറ്റവും വലിയ ഐടി മേളയാണ് ലീപ്. ഇന്ത്യൻ കമ്പനികളും മേളയിൽ സജീവമാണ്. സൗദിയിലെ വിവിധ മന്ത്രിമാരും ലീപിൽ സജീവ സാന്നിധ്യമാണ്. നിക്ഷേപങ്ങൾക്കും മറ്റുമായ വ്യത്യസ്തത കരാറുകളും ലീപ്പിൽ ഒപ്പു വെച്ചു. ലീപ്പിന്റെ വെബ്സൈറ്റോ ആപ്പോ ഉപയോഗിച്ച് സൗജന്യമായി ഇവിടെ സന്ദർശിക്കാം. ഫെസ്റ്റിന് നാളെ സമാപനമാകും.

Related Tags :
Similar Posts