< Back
Saudi Arabia
റിയാദ് മെട്രോ: ഏറ്റവും മനോഹരമായ ഖസ്ർ അൽ ഹുകൂം സ്റ്റേഷനും തുറന്നു
Saudi Arabia

റിയാദ് മെട്രോ: ഏറ്റവും മനോഹരമായ ഖസ്ർ അൽ ഹുകൂം സ്റ്റേഷനും തുറന്നു

Web Desk
|
26 Feb 2025 6:56 PM IST

ബത്ഹയിൽ യാര സ്കൂളിനടുത്ത് ദീരയിലാണ് സ്റ്റേഷൻ

റിയാദ്: റിയാദ് മെട്രോ പാതയിലെ ബ്ലൂ, ഓറഞ്ച് ലൈനുകളെ ബന്ധിപ്പിക്കുന്ന പ്രധാന സ്റ്റേഷനായ ഖസ്ർ അൽഹുകും സ്റ്റേഷൻ പ്രവർത്തനം തുടങ്ങി. ബത്ഹക്കരികെ ദീരയിലുള്ള ഈ സ്റ്റേഷനിലേക്ക് രാവിലെ ആറു മുതൽ ട്രെയിനുകളെത്തി. റിയാദ് മെട്രോയിലെ നാലു പ്രധാന സ്റ്റേഷനുകളിൽ ഒന്നാണ് ഏഴു നിലകളിലായി ഒരുക്കിയിരിക്കുന്ന ഈ ഭൂഗർഭ സ്റ്റേഷൻ. ഭൂമിക്കടിയിൽ 35 മീറ്റർ താഴ്ചയിലാണിത്. ഭൂമിക്ക് താഴെ ആറെണ്ണമുൾപ്പെടെ ആകെ ഏഴ് നിലകൾ. സ്റ്റേഷൻ ബത്ഹക്കരികെ യാര സ്‌കൂളിനും റിയാദ് പ്രവിശ്യാ ഭരണ ആസ്ഥാനത്തിനും സമീപത്താണ്.

സൽമാനി വാസ്തുവിദ്യയിൽ നിന്നാണ് ഡിസൈൻ പ്രചോദനം. ഭൂഗർഭ സ്റ്റേഷനിലേക്ക് സൂര്യപ്രകാശം എത്തിക്കുന്നതിനായി സ്ഥാപിച്ച സ്റ്റീൽ കർട്ടൻ പ്രധാന ആകർഷമമാണ്. ചുറ്റുമുള്ള കെട്ടിടങ്ങൾ ഇതിൽ പ്രതിഫലിക്കും. രണ്ടേകാൽ കോടിയിലേറെ ചതുരശ്ര മീറ്റർ വിസ്തീർണം. യാത്രക്കാരുടെ ഉപയോഗത്തിന് 17 ഇലക്ട്രിക് എലിവേറ്ററുകൾ, 46 എസ്‌കലേറ്ററുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ ഇവിടെയുണ്ട്.

മെട്രോയിലെ ഏറ്റവും നീളംകൂടിയ ഓറഞ്ച് ലൈൻ 42 കിലോമീറ്ററാണ്. നീളത്തിൽ രണ്ടാം സ്ഥാനത്തുള്ള ബ്ലൂ ലൈനും 39 കിലോമീറ്ററാണ്. ഇവ രണ്ടും സന്ധിക്കുന്നത് ഖസറുൽ ഹുകും സ്റ്റേഷനിലാണെന്ന പ്രത്യേകതയുമുണ്ട്. റിയാദ് പ്രവിശ്യാഭരണകൂടത്തിന്റെ ആസ്ഥാനമായ ഗവർണറേറ്റും സൗദി ജനറൽ കോടതിയും ഇതിന് സമീപത്ത് തന്നെ. ആകെ 85 സ്റ്റേഷനുകളാണ് ആറ് മെട്രോ ലൈനുകളിലായുള്ളത്. ഇതിലിനി എട്ട് സ്റ്റേഷനുകളാണ് തുറക്കാൻ ബാക്കി. അെതല്ലാം ഓറഞ്ച് ലൈനിലാണ്.

Related Tags :
Similar Posts