< Back
Saudi Arabia
The number of Hajj- Umrah pilgrims doubles and the satisfaction index jumps to 94% in 2025
Saudi Arabia

സേവന ​ഗുണനിലവാരം 92%ലേക്ക്...; ഹജ്ജ്-ഉംറ തീർഥാടകരിൽ ഇരട്ടിയിലധികം വർധന

Web Desk
|
16 Feb 2026 4:48 PM IST

ഉംറ തീർഥാടകരിൽ 94%, ഹജ്ജ് തീർഥാടകരിൽ 91% എന്നിങ്ങനെ സംതൃപ്തി നിരക്ക് ഉയർന്നു

റിയാദ്: സൗദി അറേബ്യയിൽ തീർഥാടകരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തിയതായി ഹജ്ജ്-ഉംറ മന്ത്രാലയം. കഴിഞ്ഞ മൂന്ന് വർഷത്തെ അപേക്ഷിച്ച് തീർഥാടകരുടെ എണ്ണം ഇരട്ടിയിലധികം വർധിച്ചു. ഹജ്ജ്-ഉംറ സേവനങ്ങളിൽ ഗുണനിലവാരം 92%മായി ഉയർന്നതായും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഉംറ തീർഥാടകരിൽ 94% സംതൃപ്തിയാണ് രേഖപ്പെടുത്തിയത്. ഹജ്ജ് തീർഥാടകരിൽ 2022ൽ 71% മാത്രമായിരുന്ന സംതൃപ്തി നിരക്ക് കഴിഞ്ഞവർഷം 91%മായും ഉയർന്നു.

തീർഥാടക യാത്രയുടെ വിവിധ ഘട്ടങ്ങളിൽ നടപ്പാക്കിയ പ്രവർത്തന, അവബോധ പദ്ധതികളുടെ വിജയമാണ് ഇത് എടുത്തുകാട്ടുന്നതെന്ന് മന്ത്രാലയം വിശദീകരിച്ചു. കോൺട്രാക്ട്സ് ആക്സിലറേറ്ററിന്റെ പിന്തുണയോടെ ഹജ്ജ് സീസണിന് 40 ദിവസം മുമ്പ് തന്നെ പത്ത് ലക്ഷത്തിലധികം തീർഥാടകർക്കുള്ള ടെന്റുകളുടെ ബുക്കിങ് പൂർത്തിയാക്കാൻ സാധിച്ചിരുന്നു. വിവിധ രാജ്യങ്ങളിലുള്ളവരെ പരി​ഗണിച്ച് 14 ഭാഷകളിൽ 20 തരം ബോധവത്കരണ കിറ്റുകളും തയ്യാറാക്കി.

ഡിജിറ്റൽ ഗവൺമെന്റ് അതോറിറ്റിയുടെ വെബ്‌സൈറ്റ് കാര്യക്ഷമതാ സൂചികയിൽ 73% നേടിയ മന്ത്രാലയം, തുടർച്ചയായ ആറാം വർഷവും 6 അന്താരാഷ്ട്ര ഐ.എസ്.ഒ (ISO) സർട്ടിഫിക്കറ്റുകളും സ്വന്തമാക്കി. നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി തീർഥാടകർക്ക് കൂടുതൽ സൗകര്യപ്രദമായ അനുഭവം നൽകുന്നത് തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. മക്കയിലും പുണ്യസ്ഥലങ്ങളിലുമായി പ്രവർത്തിച്ച 300-ലധികം നുസ്ക് ഇനായ സേവന കേന്ദ്രങ്ങളിലൂടെ വഴിതെറ്റൽ കേസുകളിൽ 68% കുറവാണ് രേഖപ്പെടുത്തിയത്.

ഹജ്ജ്-ഉംറ തീർഥാടകരുടെ യാത്ര സുഗമമാക്കാൻ നിർണായക പങ്കുവഹിച്ച നുസുക് ആപ്പ് സൗദിയുടെ ഏറ്റവും വലിയ ഡിജിറ്റൽ പ്ലാറ്റ്ഫോമായി മാറിയതായി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. 172 രാജ്യങ്ങളിൽ നിന്നുള്ളവർക്കായി 1.24 കോടിയിലധികം ഉംറ വിസകൾ 'നുസുക് മസാർ' വഴി വിതരണം ചെയ്തു. നുസുക് ആപ്പിന്റെ ഉപഭോക്താക്കളുടെ എണ്ണം 4 കോടി പിന്നിട്ടു. കഴിഞ്ഞ ഹജ്ജ് സീസണിൽ 16 ലക്ഷം തീർഥാടകർക്ക് സേവനം നൽകിയ നുസുക് കാർഡ് വഴി 50 ലക്ഷം റീഡിങ്ങുകളും രേഖപ്പെടുത്തി. ഇത് തിരക്ക് നിയന്ത്രിക്കുന്നതിനും സേവനങ്ങൾ ലളിതമാക്കുന്നതിനും സഹായിച്ചതായി അധികൃതർ അഭിപ്രായപ്പെട്ടു.

Similar Posts