< Back
Saudi Arabia
ഇത്തവണ പഴയ പ്രതാപത്തോടെ ഹജ്ജ് ചെയ്യാം;   പുത്തൻ മാറ്റങ്ങൾ പരിചയപ്പെടുത്തി ഹജ്ജ് എക്‌സ്‌പോ
Saudi Arabia

ഇത്തവണ പഴയ പ്രതാപത്തോടെ ഹജ്ജ് ചെയ്യാം; പുത്തൻ മാറ്റങ്ങൾ പരിചയപ്പെടുത്തി ഹജ്ജ് എക്‌സ്‌പോ

Web Desk
|
11 Jan 2023 9:33 AM IST

ഇൻഷൂറൻസ് തുക നിലവിലുള്ളതിന്റെ നാലിലൊന്നായി കുറയും

ഈ വർഷത്തെ ഹജ്ജിൽ കോവിഡിന് മുൻപുള്ള അത്രയും തീർഥാടകർ പങ്കെടുക്കുമെന്ന് സൗദി ഹജ്ജ് മന്ത്രി പ്രഖ്യാപിച്ചു. പുത്തൻ മാറ്റങ്ങളോടെയാകും ഇത്തവണ ഹജ്ജിന് തുടക്കമാവുക. ഹജ്ജിന്റെ ചരിത്രവും വർത്തമാനവും ഭാവിയും പറയുന്ന എക്‌സ്‌പോക്ക് ജിദ്ദയിൽ തുടക്കമായിട്ടുണ്ട്. ഹജ്ജ്, ഉംറ മന്ത്രിയും മക്കാ ഗവർണറും ചേർന്നാണ് എക്‌സ്‌പോക്ക് തുടക്കം കുറിച്ചത്.

പ്രധാനമായും മൂന്ന് പ്രഖ്യാപനങ്ങളാണ് നടത്തിയിട്ടുള്ളത്. പ്രായപരിധിയൊന്നുമില്ലാതെ കോവിഡിന് മുന്നേയുള്ള അത്രയും ഹാജിമാർ തന്നെ ഇത്തവണ ഹജ്ജിനെത്തും. ഇൻഷൂറൻസ് തുക നിലവിലുള്ളതിന്റെ നാലിലൊന്നായി കുറച്ചതാണ് രണ്ടാമത്തെ പ്രഖ്യാപനം.

കൂടാതെ, പ്രവാചകന്റേയും അനുചരന്മാരുടേയും ചരിത്രം പറയുന്ന 20 എക്‌സിബിഷനുകൾ ഹജ്ജിന്റെ ഭാഗമായി സംഘടിപ്പിക്കും. പ്രഖ്യാപനത്തിന് പിന്നാലെ ഹജ്ജ് എക്‌സ്‌പോക്കും തുടക്കമായിട്ടുണ്ട്.

ഈ വർഷത്തെ ഹജ്ജിന് മുന്നോടിയായി ജിദ്ദ സൂപ്പർ ഡോമിൽ തുടങ്ങിയ എക്‌സ്‌പോയിൽ മക്കയുടേയും ഹജ്ജിന്റേയും ചരിത്രവും വർത്തമാനവും വിശദീകരിക്കും. കഅ്ബയുടെ മുറ്റവും അവിടുത്തെ വീടുകളും സംസം കിണറിന്റെ ആദ്യ കാല രൂപവുമെല്ലാം ഇവിടെ പരിചയപ്പെടാം. മനുഷ്യകരങ്ങളാൽ തന്നെയാണ് ഈ മാതൃകകൾ നിർമിച്ചിരിക്കുന്നത്.

ഇതിനൊപ്പം, വിർച്വൽ റിയാലിറ്റിയിലും എക്‌സിബിഷൻ ഒരുക്കിയിട്ടുണ്ട്. പ്രവാചകന്റെ മക്കാ, മദീന ജീവിതവും പലായനവും ഹജ്ജിന്റെ രീതികളും ഇവിടെയറിയാം. മാറാൻ പോകുന്ന മക്കയുടേയും മദീനയുടേയും പഴമയും പുതുക്കവും വിശദീകരിക്കുന്നുണ്ട്. എണ്ണമറ്റ ചരിത്ര സ്ഥലങ്ങളുടെ സംരക്ഷണ പദ്ധതിയും പരിചയപ്പെടാം. നാലു ദിവസം നീണ്ടു നിൽക്കുന്ന എക്സ്പോയിൽ 50 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.

വിഷൻ 2030ന്റെ പിന്തുണയോടെ, മക്കയും മദീനയും വരുംവർഷങ്ങളിൽ എങ്ങിനെ മാറിമറിയുമെന്നതിന്റെ കൃത്യമായ സൂചനകളും എക്‌സ്‌പോയിലുണ്ട്. സൗദി വാർത്താ മന്ത്രാലയത്തോടൊപ്പമുള്ള ജനറൽ കമ്മീഷൻ ഫോർ ഓഡിയോ വിഷ്വൽ മീഡിയ നൽകുന്ന ഹജ്ജ് സേവനങ്ങളും ഇവിടെ പരിചയപ്പെടുത്തും.

2030ഓടെ പ്രതിവർഷം പത്തുകോടി വിനോദസഞ്ചാരികളെയാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. ഉംറക്കെത്തുന്നവർക്ക് എല്ലാ സൗദി നഗരങ്ങളിലും സന്ദർശിക്കാമെന്ന പദ്ധതിയും ഇതിനെ തുടർന്നാണ് വരുന്നത്.

Similar Posts