< Back
Saudi Arabia
സൗദിയിൽ ഗാർഹിക വിസയിലുള്ളവർക്കും ലെവിയടക്കണം
Saudi Arabia

സൗദിയിൽ ഗാർഹിക വിസയിലുള്ളവർക്കും ലെവിയടക്കണം

Web Desk
|
10 March 2022 12:31 AM IST

ഹൗസ് ഡ്രൈവർ വിസയിലുൾപ്പെടെയുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാണ്.

സൗദിയിൽ ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാക്കിയതായി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഹൗസ് ഡ്രൈവർ വിസയിലുൾപ്പെടെയുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാണ്. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികളും, രണ്ടിൽ കൂടുതൽ തൊഴിലാളികളുള്ള വിദേശികളും ലെവിയടക്കണം.

ഓരോ തൊഴിലാളിക്കും വർഷത്തിൽ 9,600 റിയാൽ, അഥവാ പ്രതിമാസം 800 റിയാൽ തോതിലാണ് ലെവി. രണ്ട് ഘട്ടങ്ങളിലായാണ് തീരുമാനം നടപ്പിലാക്കുക. ഈ വർഷം മെയ് 22 ന് ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ പുതിയ ഗാർഹിക വിസയിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമേ ലെവി അടക്കേണ്ടതുള്ളൂ. നിലവിൽ രാജ്യത്തുള്ള ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം മാത്രമേ ലെവി ബാധകമാകുകയുള്ളൂ.

2023 മെയ് 13 മുതലാണ് ഇവർക്ക് ലെവി അടക്കേണ്ടിവരിക. ഗാർഹിക തൊഴിലാളികളുടെ തൊഴിൽ നിയമങ്ങളിൽ വൻ പരിഷ്കാരങ്ങൾ വരുത്തുന്നതായി കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചിരുന്നു. അതിന് പിറകെയാണ് ലെവിയും ഏർപ്പെടുത്തിയത്. 2018 ജനുവരി മുതൽ സൌദിയിലെ വിദേശികൾക്കും പിന്നീട് ആശ്രിതർക്കും ലെവി നിർന്ധമാക്കിയിരുന്നുവെങ്കിലും, ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമായിരുന്നില്ല. അതിനാൽ തന്നെ നിരവധി വിദേശികൾ ഹൌസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക വിസകളിലെത്തി സൗദിയിൽ ജോലി ചെയ്യുന്നുണ്ട്.

സ്‌പോൺസർക്ക് കീഴിൽ നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുണ്ടെങ്കിൽ ഇവർക്കെല്ലാം ഒരു വർഷത്തിന് ശേഷം ലെവി അടക്കേണ്ടതായി വരും. എന്നാൽ ഇപ്പോൾ ഹൗസ് ഡ്രൈവർ തസ്തികയിലുള്ളവർക്ക് പ്രൊഫഷൻ മാറ്റം അനുവദിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായ തൊഴിലുകൾ കണ്ടെത്തി മാറാവുന്നതാണ്.

Related Tags :
Similar Posts