< Back
Saudi Arabia
Burial of Malayalis died in Madinah accident is in Jannatul Baqee
Saudi Arabia

മദീന അപകടത്തിന് കാരണം ട്രെയിലർ റോഡിന് കുറുകെ നീങ്ങിയത്

Web Desk
|
5 Jan 2026 9:51 PM IST

മലപ്പുറം സ്വദേശികളുടെ മരണത്തിൽ പൊലീസ് റിപ്പോർട്ട്

റിയാദ്: മദീനയിൽ മലപ്പുറം സ്വദേശികളായ നാല് പേരുടെ മരണത്തിന് കാരണമായത് റോഡിന് കുറുകെ ട്രെയിലർ നീങ്ങിയതെന്ന് ട്രാഫിക് പൊലീസ് റിപ്പോർട്ട്. ട്രെയിലർ റോഡിലേക്ക് തെന്നി നീങ്ങി മലയാളികൾ സഞ്ചരിച്ച കാറിലിടിക്കുകയായിരുന്നു. വെള്ളില സ്വദേശികളായ ജലീൽ, ഭാര്യ, മകൻ, മാതാവ് എന്നിവരാണ് മരിച്ചിരുന്നത്. അപകടത്തിൽ പരിക്കേറ്റ ഒരു കുട്ടിയുടെ നില അടിയന്തര ശസ്ത്രക്രിയക്ക് ശേഷവും ഗുരുതരമായി തുടരുകയാണ്.

പൊലീസ് റിപ്പോർട്ട് പ്രകാരം, മലപ്പുറം വെള്ളില സ്വദേശി നടുവത്ത് കളത്തിൽ ജലീൽ സഞ്ചരിച്ച വാഹനം റോഡിന്റെ നടുവിലെ ട്രാക്കിലായിരുന്നു. ഇവരുടെ മുന്നിലുണ്ടായിരുന്ന പുല്ല് കൊണ്ടു പോകുന്ന ട്രെയിലറിന്റെ പിറകു വശം റോഡിലേക്ക് തെന്നി നീങ്ങി ഇവരുടെ കാറിലിടിച്ചു. ഇതാണ് കാർ തകരാൻ കാരണം. ജലീലും കുടുംബവും സഞ്ചരിച്ച ഷെവലെ താഹോ കാർ ശരിയായ ദിശയിലായിരുന്നു എന്നും ട്രെയിലറിന്റെ പിഴവാണ് അപകട കാരണമെന്നും റിപ്പോർട്ടിൽ പറയുന്നതായി മദീനയിലെ സാമൂഹിക പ്രവർത്തകരും അറിയിച്ചു.

വെള്ളിയാഴ്ച രാത്രിയിലാണ് മലപ്പുറം വെള്ളില സ്വദേശി നടുവത്ത് കളത്തിൽ ജലീൽ, ഇദ്ദേഹത്തിന്റെ ഭാര്യ, മകൻ, മാതാവ് എന്നിവർ വാഹനാപകടത്തിൽ മരണപ്പെട്ടത്. മദീന ഭാഗത്ത് നിന്നും ജിദ്ദയിലേക്ക് മടങ്ങുകയായിരുന്നു ഇവർ. അപകടത്തിൽ പരിക്കേറ്റ മൂന്ന് മക്കളിൽ 9 വയസ്സുകാരന്റെ നില 12 മണിക്കൂർ നീണ്ട സർജറിക്ക് ശേഷവും ഗുരുതരമായി തുടരുകയാണ്. ഏഴ് വയസ്സുള്ള കുട്ടി ആശുപത്രി വിട്ടു. 15 വയസ്സുള്ള പെൺകുട്ടിക്ക് കാലിന് ശസ്ത്രക്രിയ വേണ്ടി വരുമെങ്കിലും സുഖം പ്രാപിച്ച് വരികയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ വാദി ഫർഹ പ്രദേശത്തെ ആശുപത്രിയിലാണ് ഇപ്പോഴുള്ളത്. ഖബറടക്കത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. സമയവും സ്ഥലവും സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാനുള്ള ഒരുക്കത്തിലാണ് കെഎംസിസിയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘം. ജലീലിന്റെ നാട്ടിലുണ്ടായിരുന്ന രണ്ട് മക്കൾ, സഹോദരിമാർ ഉൾപ്പെടെ ആറ് പേർ നാട്ടിൽ നിന്ന് മദീനയിലെത്തിയിട്ടുണ്ട്. ദാരുണ അപകടത്തിൽ പെട്ടവർക്ക് പ്രാർഥനകൾ അർപ്പിക്കുകയാണ് പ്രവാസി സമൂഹം.

Similar Posts