< Back
Saudi Arabia
ജിദ്ദയിൽ ട്രംപ് പ്ലാസ നിർമിക്കും; ഒരുങ്ങുന്നത് വ്യാപാര-സാംസ്കാരിക കേന്ദ്രം
Saudi Arabia

ജിദ്ദയിൽ ട്രംപ് പ്ലാസ നിർമിക്കും; ഒരുങ്ങുന്നത് വ്യാപാര-സാംസ്കാരിക കേന്ദ്രം

Web Desk
|
29 Sept 2025 10:51 PM IST

ജിദ്ദയിലെ കോർണിഷിലാണ് പദ്ധതി

ജിദ്ദ: സൗദിയിൽ യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് പ്ലാസ നിർമാണത്തിന് തുടക്കമാകുന്നു. നിർമ്മാണം പൂർത്തിയാകുമ്പോൾ ലോകത്തിലെ ആഡംബര വ്യാപാര-സാംസ്കാരിക കേന്ദ്രമായി പ്ലാസ മാറും. ജിദ്ദയിലെ കോർണിഷിലാണ് നിർമാണം. നേരത്തെ പ്രഖ്യാപിച്ച ട്രംപ് ടവറിന് പുറമെയാണ് പുതിയ പ്ലാസ.

ജിദ്ദയിൽ ഡോണൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ മെഗാ പദ്ധതിയാണ് പ്രഖ്യാപിച്ചത്. 200 കോടി ഡോളർ ചിലവിൽ ട്രംപ് ടവർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 28,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ട്രംപ് പ്ലാസ നിർമിക്കുന്നത്. 100 കോടി ഡോളർ ചിലവിലാണ് ആഡംബര വ്യാപാര-സാംസ്കാരിക കേന്ദ്രത്തിന്റെ നിർമാണം. ആധുനിക താമസസൗകര്യങ്ങൾ, സർവീസ്ഡ് അപ്പാർട്ടുമെന്റുകൾ, ഗ്രേഡ്-എ ഓഫീസുകൾ, എക്സ്ക്ലൂസീവ് ടൗൺഹൗസുകളുമാണ് ജിദ്ദ ട്രംപ് പ്ലാസയുടെ ആകർഷണം. ന്യൂയോർക്കിലെ സെൻട്രൽ പാർക്കിന്റെ മാതൃകയിൽ ഹരിതമേഖലയും ഒരുക്കും.

ജിദ്ദയിലെ റെഡ് സീ മാളിന്റെ സമീപം കോർണിഷിലാണ് ട്രംപ് പ്ലാസ. ട്രംപ് ഓർഗനൈസേഷനും ദാർ ഗ്ലോബൽ റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റും ചേർന്നാണ് രണ്ടു പദ്ധതികളും നടപ്പാക്കുന്നത്. സൗദി അറേബ്യയെ ആഗോള നിക്ഷേപ ഹബ്ബായി മാറ്റുന്ന പ്രധാന ചുവടായി പദ്ധതി മാറും.

Similar Posts