< Back
Saudi Arabia
സൗദിയിലെ ത്വാഇഫിനടുത്ത് ഉംറ ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു
Saudi Arabia

സൗദിയിലെ ത്വാഇഫിനടുത്ത് ഉംറ ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു

Web Desk
|
26 Feb 2026 6:13 PM IST

ഇരുപതോളം മലയാളികൾക്ക് പരിക്കേറ്റു

റിയാദ്: സൗദിയിലെ ത്വാഇഫിനടുത്ത് മഹ്ലൂമിയയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് രണ്ട് മലയാളികൾ മരിച്ചു. കൊല്ലം, പത്തനാപുരം, കലഞ്ഞൂർ, മാങ്കോട്, ചിതൽവെട്ടി സ്വദേശിനി കിഴക്കേക്കര പുത്തൻ വീട്ടിൽ ഷീബ (42), ഉംറ ഗ്രൂപ്പ് അമീറും മലപ്പുറം ജില്ലയിലെ മണ്ണത്തിപോയിൽ പടിഞ്ഞാറംപോയിൽ സ്വദേശി കളക്കണ്ടൻ ഹൗസിൽ ഇസ്‌മാഈൽ നിസാമി (48) എന്നിവരാണ് അപകടത്തിൽ മരിച്ചത്. റിയാദിലെ ഹോത്തയിൽ നിന്ന് മക്കയിലേക്ക് പുറപ്പെട്ട ബസ്സ് ടയർ പൊട്ടി മറിയുകയായിരുന്നു. അപകടത്തിൽ ഇരുപതോളം മലയാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി പേർ ബസിലുണ്ടായിരുന്നു.

മൃതദേഹങ്ങൾ അഫീഫ് ജനറൽ ആശുപ്രതിയിലേക്ക് മാറ്റി. റിയാദിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ അകലെ ഹോത്ത ബനീ തമീം - മക്ക റോഡിൽ ത്വാഇഫിന് സമീപമാണ് അപകടം നടന്ന പ്രദേശം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. മലയാളി ഉംറ ഗ്രൂപ്പിൻ്റെ കീഴിൽ വ്യാഴാഴ്‌ച പുലർച്ചെ അഞ്ചോടെയാണ് ഹോത്ത ബനീ തമീമിൽ നിന്ന് തീർഥാടകരുമായി ബസ് പുറപ്പെട്ടത്. യാത്രാമധ്യേ ഹരിഖ് പട്ടണത്തിലെത്തി സുബഹി നമസ്കാരം നിർവഹിച്ച ശേഷം സംഘം യാത്ര തുടർന്നു. ബസിൻറെ ബ്രേക്കിന് തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഒരു വർക്ക്ഷോപ്പിൽ കയറ്റി അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഇതിന് ശേഷം യാത്ര തുടരുന്നതിനിടെയാണ് മഹ്‌ലമിയയിൽ വെച്ച് ബസിൻറെ പിൻവശത്തെ രണ്ട് ടയറുകൾ വലിയ ശബ് ദത്തോടെ പൊട്ടിത്തെറിച്ചത്.

ടയർ പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം നഷ്‌ടപ്പെട്ട ബസ് എതിർദിശയിലുള്ള റോഡിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. അപകടത്തിൻ്റെ ആഘാതത്തിൽ ബസിൻ്റെ മുകൾ വശത്തെ പാളികൾ തകർന്നുമാറുകയും, ആ വിടവിലൂടെ പുറത്തേക്ക് തെറിച്ചുപോയ ഷീബയും ഇസ്മാഈലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു. അപകടസമയത്ത് ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നു. ബസിന്റെ മുൻഭാഗവും പൂർണമായും തകർന്നു. തകർന്ന വിടവുകളിലൂടെയാണ് മറ്റ് യാത്രക്കാർ പുറത്തിറങ്ങിയത്. ആദ്യം പുറത്തെത്തിയവർ ചേർന്നാണ് ബാക്കിയുള്ളവരെ രക്ഷപ്പെടുത്തിയത്.

അപകടം നടന്നത് വിജനമായ സ്ഥലത്താണ്. വിവരമറിഞ്ഞ ഉടൻ പൊലീസും റെഡ് ക്രസൻറും ആംബുലൻസുകളും എത്തി രക്ഷാപ്രവർത്തനം നടത്തി. ബസിലുണ്ടായിരുന്ന 50 ഓളം യാത്രക്കാരിൽ ഭൂരിഭാഗം പേർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ മലപ്പുറം, കൊല്ലം ഭാഗങ്ങളിൽ നിന്നുള്ള വരാണ് കൂടുതൽ. മലയാളികൾക്ക് പുറമെ മറ്റ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ബംഗ്ലാദേശ് സ്വദേശികളും ഉൾപ്പെടുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

മരിച്ച ഷീബ ഭർത്താവ് മജീദിനോടൊപ്പം വർഷങ്ങളായി സൗദിയിലുണ്ട്. തന്റെ രണ്ട്മക്കൾക്കും ഭർത്താവിനുമൊപ്പമാണ് ഷീബ ഉംറയ്ക്ക് പോയത്. അപകടത്തിൽ മക്കൾക്കും ഭർത്താവിനും പരിക്കേറ്റിട്ടുണ്ട്. മരിച്ച ഇസ്‌മാഈൽ നിസാമി സമസ്‌ത ഇസ്ലലാമിക് സെൻറർ പ്രവർത്തകനാണ്. പിതാവ്: മുഹമ്മദ് കളക്കണ്ടൻ, മാതാവ്: ആയിഷ മജേരികുരിക്കൾ. അപകടത്തിൽപ്പെട്ടവരെ സഹായിക്കാനും അനന്തര നടപടികൾ പൂർത്തീകരിക്കാനും ത്വാഇഫ്, അഫീഫ്, അൽ ഖർജ്, റിയാദ് എന്നിവിടങ്ങളിലെ കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കൾ രംഗത്തുണ്ട്

Similar Posts