
സൗദിയില്‍ രണ്ട് പുതിയ പ്രകൃതി വാതകശേഖരങ്ങൾ കണ്ടെത്തി
|കിഴക്കന്‍ പ്രവിശ്യയിലാണ് ഇരു പാടങ്ങളും സ്ഥിതി ചെയ്യുന്നത്
സൗദി: കിഴക്കന്‍ പ്രവിശ്യയില്‍ രണ്ട് പ്രകൃതി വാതക ശേഖരങ്ങൾ പുതുതായി കണ്ടെത്തിയതായി ഊര്‍ജ മന്ത്രി അറിയിച്ചു. സൗദിയുടെ എണ്ണ വാതക പര്യവേക്ഷണ സംഘം പുതിയ രണ്ട് പ്രകൃതി വാതക പാടശേഖരങ്ങള്‍ കണ്ടെത്തിയതായി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയിലാണ് ഇരു പാടങ്ങളും സ്ഥിതി ചെയ്യുന്നത്. ഹുഫൂഫില്‍ നിന്നും 142 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഔതാദ് പ്രദേശത്താണ് ഒന്നാമത്തേത്. ഇവിടുത്തെ രണ്ട് സ്രോതസുകളില്‍ നിന്നായി പ്രതിദിനം 2.69 കോടി ഘനയടി പ്രകൃതി വാതകവും 905 ബാരല്‍ കണ്ടന്‍സേറ്റുകളും ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട്.
ദഹ്‌റാനില്‍ നിന്നും തെക്ക് പടിഞ്ഞാറ് ഭാഗത്തായി 230 കിലോമീറ്റര്‍ ദൂരത്ത സ്ഥിതി ചെയ്യുന്ന അല്‍ദഹ്ന മേഖലയിലാണ് രണ്ടാമത്തെ ശേഖരം. ഇവിടെ നിന്ന് പ്രതിദിനം 2.56 കോടി ഘനയടി പ്രകൃതി വാതകവും 362 ബാരല്‍ കണ്ടന്‍സേറ്റുകളും ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ളതായി ഊര്‍ജ മന്ത്രാലയ അധികൃതര്‍ വെളിപ്പെടുത്തി. പുതിയ ശേഖരങ്ങള്‍ രാജ്യത്തിന്‍റെ വാതക ശേഖരം വര്‍ധിപ്പിക്കുന്നതിനും ദ്രവീകൃത ഇന്ധന ഉപയോഗം കുറക്കുന്നതിനും സഹായിക്കുമെന്ന് ഊര്‍ജ മന്ത്രി പറഞ്ഞു.