< Back
Saudi Arabia
പുതിയ ഹിജ്‌റ വർഷം ആരംഭിച്ചു; മക്കയിൽ ഉംറ സീസണ് തുടക്കം
Saudi Arabia

പുതിയ ഹിജ്‌റ വർഷം ആരംഭിച്ചു; മക്കയിൽ ഉംറ സീസണ് തുടക്കം

Web Desk
|
30 July 2022 11:24 PM IST

ഉംറ വിസാ കാലാവധി 90 ദിവസമായി ദീർഘിപ്പിച്ചു കൊണ്ടുള്ള തീരുമാനവും ഇന്നു മുതൽ പ്രാബല്യത്തിലായി

പുതിയ ഹിജ്‌റ വർഷം ആരംഭിച്ചതോടെ മക്കയിൽ ഉംറ സീസണ് തുടക്കമായി. മുഹറം ഒന്ന് മുതൽ ഉംറ തീർഥാകരെ സ്വീകരിച്ചു തുടങ്ങുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇതനുസരിച്ച് ഉംറക്ക് അനുമതി ലഭിച്ച വിദേശ തീർഥാടകരും ആഭ്യന്തര തീർഥാകരും ഹറമിലെത്തി തുടങ്ങി.

വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ ആദ്യ ഉംറ സംഘത്തെ ഇരുഹറം കാര്യാലയം സ്വീകരിച്ചു. വിദേശ ഉംറ തീർഥാടകരെ സ്വീകരിക്കാൻ 500 ലേറെ ഉംറ സർവീസ് കമ്പനികളും സ്ഥാപനങ്ങളും നേരത്തെ തന്നെ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. 68 ബസ് കമ്പനികളാണ് പുതിയ ഉംറ സീസണിൽ തീർഥാടകർക്ക് ഗതാഗത സൗകര്യമൊരുക്കുന്നത്. ടൂറിസം മന്ത്രാലയത്തിന്റെയും ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെയും അംഗീകാരമുള്ള രണ്ടായിരത്തോളം ഹോട്ടലുകളിലും അപ്പാർട്ട്‌മെൻറുകളിലുമാണ് തീർഥാടകരുടെ താമസം.

ഉംറ വിസാ കാലാവധി 90 ദിവസമായി ദീർഘിപ്പിച്ചു കൊണ്ടുള്ള മന്ത്രാലയത്തിന്റെ തീരുമാനവും ഇന്നു മുതൽ പ്രാബല്യത്തിലായി. പുതിയ ഉംറ വിസയിൽ രാജ്യത്ത് പ്രവേശിക്കുന്ന തീർഥാടകർക്ക് 90 ദിവസം വരെ സൗദിയിൽ എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനും അനുവാദമുണ്ടാകും. ഒരു കോടി ഉംറ തീർഥാടകരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്ന കഴിഞ്ഞ സീസണിൽ 15 ലക്ഷത്തിലധികം തീർഥാടകരെത്തിയെന്നാണ് കണക്ക്. ഇഅ്തമർനാ, തവക്കൽനാ ആപ്ലിക്കേഷനുകൾ വഴി പെർമിറ്റെടുത്തുകൊണ്ട് സൗദിക്കകത്തുള്ള തീർഥാകരും ഇന്ന് മുതൽ ഉംറ ചെയ്ത് തുടങ്ങി.

Similar Posts