< Back
Saudi Arabia
Ministry of Municipal Affairs has classified vehicle workshops in Saudi Arabia.
Saudi Arabia

സൗദിയിൽ വാഹന വർക്ക് ഷോപ്പുകളെ തരം തിരിച്ച് മുനിസിപ്പൽ മന്ത്രാലയം

Web Desk
|
13 Aug 2025 9:19 PM IST

സേവനങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ച് വിഭാഗങ്ങളായാണ് മാറ്റിയിരിക്കുന്നത്

ദമ്മാം: സൗദിയിൽ വാഹന വർക്ക് ഷോപ്പുകളെ തരം തിരിച്ച് മുനിസിപ്പൽ മന്ത്രാലയം. സേവനങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ച് വിഭാഗങ്ങളായാണ് മാറ്റിയിരിക്കുന്നത്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പെയ്ൻറിംഗ്, ഡെൻറിംഗ് ജോലികളെ അടിസ്ഥാനമാക്കിയാണ് വേർതിരിച്ചത്. വർക്ക് ഷോപ്പ് മേഖലയെ വ്യവസ്ഥാപിതമാക്കുന്നതിനും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിൽ സുരക്ഷയും സേവന നിലവാരവും മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി.

വാഹന വർക്ക് ഷോപ്പുകളെ എ മുതൽ ഇ വരെയുള്ള വിത്യസ്ത വിഭാഗങ്ങളായാണ് തിരിച്ചത്. സമഗ്രമായി മെക്കാനിക്കൽ, ഇലക്ട്രിക്കൽ ജോലികൾ ചെയ്യുന്നവയെ എ വിഭാഗത്തിലും മെക്കാനിക്കൽ, ഇലക്ട്രിക്കൽ, എയർ കണ്ടീഷനിംഗ് ജോലികളുടെ അറ്റകുറ്റപണികൾ ചെയ്യുന്നവയെ ബി വിഭാഗത്തിലും ബോഡി റിപ്പയർ, റീപെയിന്റിംഗ്, പോളിഷിംഗ് എന്നിവ ചെയ്യുന്നവയെ സി വിഭാഗത്തിലും റേഡിയേറ്റർ, എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, എയർ സസ്‌പെൻഷൻ, ബ്രേക്കുകൾ എന്നിവയുടെ അറ്റുകുറ്റപണികൾ ചെയ്യുന്നവയെ ഡി വിഭാഗത്തിലും ബാറ്ററി, അലങ്കാര ഫിറ്റിംഗുകൾ എന്നിവയുടെ പരിശോധനയും മാറ്റിവെക്കലും നടത്തുന്നവയെ ഇ വിഭാഗത്തിലും ഉൾപ്പെടുത്തിയാണ് പട്ടിക പുറത്തിറക്കിയത്.

ഓരോ വിഭാഗങ്ങൾക്കും പ്രവർത്തിക്കാവുന്ന മേഖലകളും സ്ഥലപരിമിതികളും നിശ്ചയിച്ചിട്ടുണ്ട്. വർക്ക് ഷോപ്പ് മേഖലയെ വ്യവസ്ഥാപിതമാക്കുന്നതിനും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിൽ സുരക്ഷയും സേവന നിലവാരവും മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

Similar Posts