< Back
Saudi Arabia
Will Cristiano Ronaldo play in the match against Etihad?
Saudi Arabia

ഇത്തിഹാദുമായുള്ള മത്സരത്തിൽ ക്രിസ്റ്റ്യാനോ ഇറങ്ങുമോ..?; ആരാധകർ ആകാംക്ഷയിൽ

Web Desk
|
6 Feb 2026 2:21 PM IST

പ്രതിഷേധിച്ച് വിട്ടുനിൽക്കാൻ സാധ്യത

റിയാദ്: പ്രതിഷേധ നിലപാടിലുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രോലീഗിലെ തുടർച്ചയായ രണ്ടാം മത്സരത്തിൽ ഇറങ്ങുമോയെന്ന് ഇന്നറിയാം. അൽ നസ്‌റിനോട് സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് പക്ഷപാതിത്വം കാണിക്കുന്നുവെന്ന് കാണിച്ച് ക്രിസ്റ്റ്യാനോ കഴിഞ്ഞ മത്സരത്തിൽ വിട്ടുനിന്നിരുന്നു. എന്നാൽ ഇന്നത്തെ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിൽ താരം ഇറങ്ങിയിരുന്നു.

ഇന്ന് ഇന്ത്യൻ സമയം രാത്രി 11നാണ് സൗദി പ്രോ ലീഗിലെ അൽ നസ്ർ- ഇത്തിഹാദ് പോരാട്ടം. കഴിഞ്ഞ മത്സരത്തിൽ അൽ റിയാദിനെതിരെ ഇറങ്ങാതിരുന്ന ക്രിസ്റ്റ്യാനോ ഇന്നും മത്സരത്തിനിറങ്ങില്ലെന്നാണ് റിപ്പോർട്ടുകളെങ്കിലും സ്ഥിരീകരണം വന്നിട്ടില്ല. ഇന്നലെ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിൽ താരം പങ്കെടുത്തിരുന്നു. ഇതോടെ മത്സരത്തിനിറങ്ങുമോയെന്ന ആകാംക്ഷയും ഫുട്‌ബോൾ പ്രേമികൾക്കുണ്ട്. സൗദി ഗവൺമെന്റിന്റെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് അഥവാ പിഐഎഫുമായുള്ള പ്രതിഷേധമാണ് ഇതിന് കാരണം. പി.ഐ.എഫിനാണ് അൽ നസ്ർ, അൽ ഹിലാൽ, ഇത്തിഹാദ്, അൽ അഹ്‌ലി എന്ന നാല് മുൻനിര ക്ലബ്ബുകളുടെ 75% ഓഹരി. ക്ലബ്ബുകൾക്ക് വേണ്ടി പണമിറക്കുന്നതും പി.ഐ.എഫ് തന്നെ. എന്നാൽ അൽ ഹിലാലിനും അഹ്‌ലിക്കും ഇത്തിഹാദിനും ലോക താരങ്ങളെ വാങ്ങാൻ ഫണ്ട് അനുവദിക്കുന്ന പോലെ നസ്‌റിന് അനുവദിക്കുന്നില്ലെന്നാണ് താരത്തിന്റെ പരാതി. ഇത് അൽ നസ്ർ മാനേജ്‌മെന്റിലും പിഐഎഫിലും പരാതിയായി സി.ആർ സെവൻ ഉയർത്തിയിരുന്നു. ഇതിൽ പി.ഐ.എഫ് നിലപാടി ആവശ്യപ്പെട്ടാണ് വിട്ടുനിൽക്കൽ.

ഇന്നത്തെ മത്സരത്തിൽ പങ്കെടുത്തില്ലെങ്കിൽ പിഴക്ക് സാധ്യതയുണ്ട്. ഉന്നയിച്ച വിഷയത്തിൽ പരിഹാരമായില്ലെങ്കിൽ ജൂണോടെ താരം സൗദി വിടുമെന്ന് കായിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്രിസ്റ്റ്യാനോ ഇതിലൊന്നും പ്രതികരിച്ചിട്ടില്ല. 41ാം പിറന്നാൾ നിറവിലുള്ള ക്രിസ്റ്റ്യാനോ 18 മത്സരങ്ങളിൽ 17 ഗോളുമായി മികച്ച ഫോമിലാണ്. എന്നാൽ മികച്ച സഹതാരങ്ങളില്ലാത്തത് ക്ലബ്ബിനെ കിരീട നേട്ടത്തിൽ നിന്നും അകറ്റുന്നതാണ് പ്രതിഷേധത്തിന് കാരണം. വിഷയത്തിൽ പി.ഐ.എഫും പ്രതികരിച്ചിട്ടില്ല. അതേ സമയം ക്ലബ്ബുകളുടെ സാമ്പത്തിക വിവരങ്ങൾ പുറത്തു വിടണമെന്ന് അൽനസ്ർ ബോർഡംഗമായ രാജകുടുംബാഗങ്ങൾ ആവശ്യപ്പെട്ടിരുന്നു.


Similar Posts