< Back
Saudi Arabia
worlds largest building is under construction in Jeddah
Saudi Arabia

ലോകത്തെ ഏറ്റവും വലിയ കെട്ടിടം ജിദ്ദയിൽ ഒരുങ്ങുന്നു

Web Desk
|
21 Jan 2025 10:58 PM IST

ഒരു കിലോമീറ്റർ ഉയരത്തിൽ ജിദ്ദയിൽ ഒരുങ്ങുന്ന ടവറിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി

ജിദ്ദ: സൗദിയിലെ ജിദ്ദയിൽ ലോകത്തെ ഏറ്റവും വലിയ കെട്ടിടം ഒരുങ്ങുന്നു. ഒരു കിലോമീറ്റർ ഉയരത്തിൽ ജിദ്ദയിൽ ഒരുങ്ങുന്ന ടവറിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി. മൂന്നര വർഷം കൊണ്ടാണ് നിർമാണം പൂർത്തിയാക്കുക. സൗദി കോടീശ്വരൻ വലീദ് ബിനു തലാലിന്റേതാണ് ജിദ്ദാ ടവർ. ബുർജ് ജിദ്ദ അഥവാ ജിദ്ദ ടവർ എന്നാണ് പേര്. ഇതിന്റെ 64 നിലകൾ നേരത്തെ പൂർത്തിയാക്കിയിരുന്നു. വിവിധ കാരണങ്ങളാൽ നിർമാണം നിലച്ചതിന് ശേഷം ഇന്നലെയാണ് വീണ്ടും നിർമാണം പുനഃരാരംഭിച്ചത്.

ഓരോ നാലു ദിവസവും ഒരു നിലവീതം വാർപ്പ് ജോലികൾ പൂർത്തിയാക്കും. 42 മാസത്തിനുള്ളിൽ ജിദ്ദ ടവറിന്റെ നിർമാണ ജോലികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

സൗദിയിലെ പ്രമുഖ നിർമാണ കമ്പനിയായ ബിൻലാദൻ ഗ്രൂപ്പിനാണ് നിർമാണ ചുമതല. ഏറെക്കാലത്തിനുശേഷം ബിൻലാദൻ ഗ്രൂപ്പിന് കിട്ടുന്ന പ്രധാനപ്പെട്ട പദ്ധതി കൂടിയാണിത്. 10,000 കോടിയിലേറെ റിയാലിന്റെ നിക്ഷേപങ്ങളോടെയാണ് പദ്ധതി പൂർത്തിയാക്കുകയെന്ന് കിംഗ്ഡം ഹോൾഡിങ് കമ്പനി ചെയർമാൻ വലീദ് ബിൻ ത്വലാൽ രാജകുമാരൻ പറഞ്ഞു.

അമേരിക്കൻ എഞ്ചിനീയർ അഡ്രിയാൻ സ്മിത്താണ് ഈ ഭീമൻ ടവർ രൂപകല്പന ചെയ്തത്. 75,000 മുതൽ ഒരു ലക്ഷം വരെ പേർക്ക് താമസ സൗകര്യം ഒരുക്കുന്നതാണ് പ്രധാന പ്രത്യേകത. 53 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള പദ്ധതിയിൽ സ്‌കൂളുകൾ, സർവകലാശാലകൾ, ആശുപത്രികൾ, റസിഡൻഷ്യൽ കോംപ്ലക്‌സുകൾ, ആഡംബര റസിഡൻഷ്യൽ യൂണിറ്റുകൾ, വാണിജ്യ മേഖലകൾ എന്നിവ ഉൾപ്പെടുന്നുണ്ട്. പ്രവാസികളടക്കം ആയിരങ്ങൾക്ക് തൊഴിൽ സാധ്യതകളും പദ്ധതി സൃഷ്ടിക്കും.

Similar Posts