< Back
Gulf
യാത്രാവിലക്ക് വിമാന കമ്പനികൾക്ക് തിരിച്ചടി, പ്രതികൂലമായി ബാധിച്ചെന്ന് എയർ അറേബ്യ മേധാവി
Gulf

യാത്രാവിലക്ക് വിമാന കമ്പനികൾക്ക് തിരിച്ചടി, പ്രതികൂലമായി ബാധിച്ചെന്ന് എയർ അറേബ്യ മേധാവി

ijas
|
15 Jun 2021 11:45 PM IST

ഏപ്രിൽ 25 മുതലാണ് ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് യാത്രാവിലക്ക് പ്രാബല്യത്തിൽ വന്നത്

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യു.എ.ഇ വിലക്ക് ഏർപ്പെടുത്തിയത് വിമാന കമ്പനികൾക്കും പ്രതിസന്ധി സൃഷ്ടിക്കുന്നു. യാത്ര വിലക്ക് തുടരുന്നതിന്‍റെ ആശങ്കയിലാണ് വിമാന കമ്പനികളും. ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് മുടങ്ങിയത് ബജറ്റ് എയർലൈൻസുകളെയാണ് കാര്യമായി ബാധിച്ചത്. യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യൻ സർവീസുകൾ മികച്ച നേട്ടം ഉറപ്പു വരുത്തിയിരുന്നതായി എയർ അറേബ്യ സി.ഇ.ഒ ആദിൽ അലി പറഞ്ഞു. ഏപ്രിൽ 25 മുതലാണ് ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് യാത്രാവിലക്ക് പ്രാബല്യത്തിൽ വന്നത്.

ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നത് പ്രതീക്ഷ നൽകുന്ന ഘടകമാണെന്നും എയർ അറേബ്യ മേധാവി ആദിൽ അലി വ്യക്തമാക്കി. കോവിഡ് വ്യാപനം അമർച്ച ചെയ്യുകയും വ്യോമയാന മേഖല സാധാരണ നില വീണ്ടെടുക്കുകയും ചെയ്യുമെന്ന പ്രത്യാശയിലാണ് എയർ അറേബ്യ ഉൾപ്പെടെ യു.എ.ഇ ബജറ്റ് എയർലൈൻസുകൾ. ലോകത്തിന്‍റെ പല ഭാഗങ്ങളിലേക്കായി കോവിഡ് പ്രതിസന്ധിക്കു മുമ്പ് 170 കേന്ദ്രങ്ങളിലേക്കായിരുന്നു എയർ അറേബ്യ സർവീസ്.

എത്രയും വേഗം ഇന്ത്യയിൽ നിന്നുള്ള യാത്രാവിലക്ക് അവസാനിക്കണം എന്നാണ് വിമാന കമ്പനികൾ ആഗ്രഹിക്കുന്നത്. എന്നാൽ ദുരന്ത നിവാരണ സമിതിയും വിദഗ്ധരുമാണ് എപ്പോൾ സർവീസ് പുനരാരംഭിക്കണമെന്ന കാര്യത്തിൽ തീരുമാനം കൈക്കൊള്ളേണ്ടതെന്ന് എയർ അറേബ്യ മേധാവി കൂട്ടിച്ചേർത്തു.

Related Tags :
Similar Posts