< Back
Gulf
ലോകത്തെ ഏറ്റവും സുരക്ഷിത രാഷ്ട്രം; യുഎഇ രണ്ടാമത്
Gulf

ലോകത്തെ ഏറ്റവും സുരക്ഷിത രാഷ്ട്രം; യുഎഇ രണ്ടാമത്

Web Desk
|
8 July 2021 2:06 PM IST

ഖത്തറാണ് മൂന്നാം സ്ഥാനത്ത്.

ദുബായ്: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാഷ്ട്രമായി യുഎഇ. 2021ലെ സാഹചര്യങ്ങൾ അടിസ്ഥാനമാക്കി ഗ്ലോബൽ ഫിനാൻസ് മാഗസിനാണ് പട്ടിക തയ്യാറാക്കിയത്. 132 രാജ്യങ്ങളിൽ നിന്നാണ് അറബ് രാജ്യം ഈ നേട്ടം കൈവരിച്ചത്. മറ്റൊരു അറബ് രാജ്യമായ ഖത്തറാണ് മൂന്നാം സ്ഥാനത്ത്.

യുദ്ധം, വ്യക്തിസുരക്ഷ, പ്രകൃതി ദുരന്തം എന്നിവ അടിസ്ഥാനമാക്കിയാണ് മാഗസിൻ പഠനം നടത്തിയത്. കൊവിഡ് കൈകാര്യം ചെയ്ത രീതിയും പരിശോധിക്കപ്പെട്ടു. ലോകത്ത് നിലവിൽ വാക്സിൻ വിതരണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യമാണ് യുഎഇ. ജനസംഖ്യയുടെ 74.5 ശതമാനം പേർ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുണ്ട്. 64.3 ശതമാനം പേർ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചു.

2021 മേയ് 30 വരെയുള്ള വിവരങ്ങളാണ് പഠനത്തിന് പരിഗണിച്ചത്. പട്ടികയിൽ ഐസ്‌ലാൻഡാണ് ഒന്നാമത്. സിങ്കപ്പൂരിനാണ് നാലാം സ്ഥാനം. ഗൾഫ് രാജ്യങ്ങളിൽ ബഹ്റൈൻ 12-ാം സ്ഥാനത്തും കുവൈത്ത് 18-ാമതും സൗദി അറേബ്യ 19-ാമതും ഒമാൻ 25-ാം സ്ഥാനത്തുമാണുള്ളത്. 91-ാമതാണ് ഇന്ത്യയുടെ സ്ഥാനം. അയൽരാജ്യമായ പാകിസ്താൻ 116-ാമതാണ്.

ഫിലിപ്പീൻസ്, കൊളംബിയ, ഗ്വാട്ടിമാല, നൈജീരിയ, ബോസ്‌നിയ ഹെർസഗോവിന, ബ്രസീൽ, മെക്‌സികോ, പെറു, യമൻ, നോർത്ത് മാസിഡോണിയ രാഷ്ട്രങ്ങളാണ് പട്ടികയിൽ ഏറ്റവും പിന്നിൽ.

Related Tags :
Similar Posts