< Back
UAE
12-year-old Tunisian twins win Arab Reading Challenge; honoured by Sheikh Mohammed
UAE

ഇരട്ട മധുരം;ദുബൈ അറബ് റീഡിങ് ചലഞ്ചിൽ ജേതാവായി ടുണീഷ്യൻ ഇരട്ടകൾ

Web Desk
|
23 Oct 2025 7:44 PM IST

മലയാളി വിദ്യാർഥി മുഹമ്മദ് സാബിത് ഫൈനലിൽ എത്തിയിരുന്നു

ദുബൈ: ദുബൈയിൽ നടന്ന അറബ് റീഡിങ് ചലഞ്ചിൽ 32 ദശലക്ഷം പേരെ പിന്തള്ളി 12 വയസ്സുള്ള ടുണീഷ്യൻ ഇരട്ട സഹോദരങ്ങൾ ബിസാനും ബിൽസാനും വിജയികളായി. ചാമ്പ്യന്മാർക്ക് അഞ്ച് ലക്ഷം ദിർഹം (1.19 കോടി) കാഷ് പ്രൈസ് ലഭിച്ചു.

ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ് അൽ മക്തൂം 600ലധികം പുസ്തകങ്ങൾ വായിച്ച വിജയികളെ ആദരിച്ചു. ബഹ്‌റൈനിൽ നിന്നുള്ള 11 വയസ്സുകാരി മുഹമ്മദ് ജാസിം ഇബ്രാഹിമാണ് രണ്ടാം സ്ഥാനത്തിന് അർഹയായത്. ഒരു ലക്ഷം ദിർഹമാണ് സമ്മാനത്തുക.

ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളി വിദ്യാർഥി മലപ്പുറം വാണിയമ്പലം സ്വദേശി മുഹമ്മദ് സാബിത് ഫൈനലിൽ എത്തിയിരുന്നു. ഇത്തവണ അറബി മാതൃഭാഷയല്ലാതെ അവസാനഘട്ടത്തിലേക്ക് യോഗ്യത നേടിയ രണ്ടുപേരിൽ ഒരാൾ സാബിത്താണ്.

ഇന്ത്യയിൽ നടന്ന മത്സരത്തിലെ ഒന്നാമനാണ് മഅദിൻ അക്കാദമിയിലെ പ്ലസ്ടു വിദ്യാർഥിയായ മുഹമ്മദ് സാബിത്. 1000 ഡോളറാണ് സമ്മാനം. ഇന്ത്യയിൽ മത്സരിച്ച 14,000 പേരെ പിന്നിലാക്കിയാണ് സാബിതിന്റെ ദുബൈയിലേക്കുള്ള വരവ്. മത്സരത്തിന്റെ കമ്യൂണിറ്റി ചാമ്പ്യൻ വിഭാഗം ഫൈനലിൽ കടന്ന 24 പേരിലും സാബിത് ഉൾപ്പെട്ടിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ അറബ് സാക്ഷരതാ, വായനാ സംരംഭമാണ് ദുബൈ ഭരണാധികാരി തുടക്കമിട്ട അറബ് റീഡിങ് ചലഞ്ച്. 50 രാജ്യങ്ങളിലെ ഒരു ലക്ഷത്തിലേറെ സ്‌കൂളുകളിൽ മൂന്ന് കോടിയിലേറെ വിദ്യാർഥികളാണ് ചലഞ്ചിന്റെ ആദ്യഘട്ടത്തിൽ പങ്കെടുത്തത്.

Similar Posts