< Back
UAE
ഗസ്സയിൽ ഗുരുതരമായി പരിക്കേറ്റ 127 പേരെ കൂടി ചികിത്സയ്ക്കായി യുഎഇയിലെത്തിച്ചു
UAE

ഗസ്സയിൽ ഗുരുതരമായി പരിക്കേറ്റ 127 പേരെ കൂടി ചികിത്സയ്ക്കായി യുഎഇയിലെത്തിച്ചു

Web Desk
|
1 Jan 2025 10:29 PM IST

ദുബൈ: ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ചികിത്സയ്ക്കായി സ്വന്തം നാട്ടിലെത്തിച്ച് യുഎഇ. ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ നൂറിലേറെ പേരെയാണ് യുഎഇ വിവിധ ആശുപത്രികളിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ 55 പേർ ഉൾപ്പെടെ 127 പേരെയാണ് യുഎഇ ഭരണകൂടം ചൊവ്വാഴ്ച രാത്രി അബൂദബിയിലെത്തിച്ചത്. തെക്കൻ ഇസ്രായേലിലെ റമോൺ വിമാനത്താവളത്തിൽ നിന്നായിരുന്നു ഇവർ യുഎഇയിലേക്ക് വിമാനം കയറിയത്. യുദ്ധത്തിൽ പരിക്കേറ്റവർക്കൊപ്പം അർബുദ രോഗികളും ബന്ധുക്കളും സംഘത്തിലുണ്ട്.

യുദ്ധമാരംഭിച്ച ശേഷം ഗസ്സയിൽ യുഎഇ നടത്തിയ ഇരുപത്തിമൂന്നാമത്തെ ഒഴിപ്പിക്കൽ ദൗത്യമായിരുന്നു കഴിഞ്ഞ ദിവസത്തേത്. ഇതുവരെ 2,254 ഫലസ്തീനികളെയാണ് ചികിത്സയ്ക്കായി ഭരണകൂടം യുഎഇയിലെത്തിച്ചിട്ടുള്ളത്. ഗസ്സ മുനമ്പിലെ അർബുദരോഗികളെയും കുഞ്ഞുങ്ങളെയും ചികിത്സിക്കാൻ 2023 ഒക്ടോബറിൽ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിരുന്നു. ആയിരം വീതം രോഗികൾക്കാണ് ചികിത്സ നൽകുക.

ഗസ്സയിലെ മാനുഷിക പ്രതിസന്ധി നേരിടാൻ യുഎഇയുടെ നേതൃത്വത്തിൽ വലിയ ശ്രമങ്ങളാണ് നടന്നു വരുന്നത്. ദുരിതാശ്വാസ സഹായങ്ങൾക്ക് പുറമേ, യുഎഇയുടെ രണ്ട് ഫീൽഡ് ആശുപത്രികൾ ദുരിത ബാധിതർക്കായി പ്രവർത്തിക്കുന്നുണ്ട്. തെക്കൻ ഗസ്സ മുനമ്പിലെ ആശുപത്രിയിൽ 50,489 പേരാണ് ഇതുവരെ ചികിത്സ തേടിയത്. അൽ അരീഷ് തുറമുഖത്തെ ആശുപത്രിയിലെത്തിയത് 8,597 പേരും. മരുന്നും ഭക്ഷണവുമടക്കം അമ്പതിനായിരത്തിലേറെ ടൺ സഹായവസ്തുക്കളാണ് യുഎഇ ഗസ്സയിൽ ദുരിതമനുഭവിക്കുന്നവർക്കായി എത്തിച്ചിട്ടുള്ളത്.

Related Tags :
Similar Posts