< Back
UAE
50 Indian flights will operate to Gulf today: Indian Ministry of Civil Aviation
UAE

പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യം: ഇന്ത്യൻ വിമാനക്കമ്പനികൾ ഇന്ന് 50 സർവീസ് നടത്തുമെന്ന്‌ സിവിൽ ഏവിയേഷൻ മന്ത്രാലയം

Web Desk
|
9 March 2026 1:50 PM IST

മാർച്ച് ഏഴിന് 8,175 യാത്രക്കാർ മേഖലയിൽ നിന്ന് ഇന്ത്യയിൽ എത്തി

ദുബൈ: പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യത്തിൽ ഇന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ 50 സർവീസ് നടത്താൻ പദ്ധതിയിട്ടതായി സിവിൽ ഏവിയേഷൻ മന്ത്രാലയം. മാർച്ച് ഏഴിന് ഇന്ത്യൻ വിമാനക്കമ്പനികൾ 51 ഇൻബൗണ്ട് വിമാന സർവീസുകൾ മേഖലയിൽ നിന്ന് ഇന്ത്യയിൽ എത്തിയെന്നാണ് യാത്രക്കാരുടെ വിവരങ്ങൾ കാണിക്കുന്നതെന്നും അധികൃതർ പറഞ്ഞു. 8,175 യാത്രക്കാർ ഇതുവഴി സഞ്ചരിച്ചതായും വ്യക്തമാക്കി.

മാർച്ച് എട്ടിന് ഇന്ത്യൻ വിമാനക്കമ്പനികളായ എയർ ഇന്ത്യ. എയർ ഇന്ത്യ എക്‌സ്പ്രസ്, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ്, ആകാശ എന്നിവ ദുബൈ, അബൂദബി, റാസൽഖൈമ, ഫുജൈറ, മസ്‌കത്ത്, ജിദ്ദ തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്ന് 49 ഇൻബൗണ്ട് വിമാനങ്ങൾ സർവീസ് നടത്താൻ പദ്ധതിയിട്ടിരുന്നതായും അറിയിച്ചു.

ഇന്ത്യക്കും പശ്ചിമേഷ്യക്കും ഇടയിലുള്ള വ്യോമഗതാഗതത്തെ ബാധിക്കുന്ന സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും സിവിൽ ഏവിയേഷൻ മന്ത്രാലയം പറഞ്ഞു. വിമാനക്കമ്പനികളുമായും മറ്റ് പങ്കാളികളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അറിയിച്ചു. ഈ കാലയളവിൽ ടിക്കറ്റ് നിരക്കിൽ അമിത വർധന ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ നിരീക്ഷണം നടത്തുന്നുണ്ടെന്നും പറഞ്ഞു. മേഖലയിലെ മറ്റ് വിമാനത്താവളങ്ങളിലെ സ്ഥിതിഗതികൾ ഇന്ത്യൻ വിമാനക്കമ്പനികൾ തുടർച്ചയായി വിലയിരുത്തുന്നുണ്ട്. ഈ സ്ഥലങ്ങളിൽ നിന്ന് കൂടുതൽ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.

Similar Posts