< Back
UAE
ലോകത്തിലെ ആദ്യത്തെ എഐ നഗരം പ്രഖ്യാപിച്ച് അബൂദബി 
UAE

ലോകത്തിലെ ആദ്യത്തെ എഐ നഗരം പ്രഖ്യാപിച്ച് അബൂദബി 

Web Desk
|
19 May 2025 10:32 PM IST

'അയോൺ സെന്റിയ' എന്നാണ് എഐ സ്മാർട് സിറ്റിയുടെ പേര്

അബൂദബി: ലോകത്തെ ആദ്യത്തെ എഐ നഗരം പ്രഖ്യാപിച്ച് യുഎഇ. തലസ്ഥാനമായ അബൂദബിലാണ് നഗരമൊരുങ്ങുന്നത്. ഡ്രൈവറില്ലാ യാത്രാ സംവിധാനങ്ങൾ, സ്മാർട് വീടുകൾ, ചികിത്സ, വിദ്യാഭ്യാസം, ഊർജം തുടങ്ങിയ എല്ലാ സേവനങ്ങൾക്കും എഐ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന നഗരമാണ് അബൂദബിയിൽ ആസൂത്രണം ചെയ്യുന്നത്.

അയോൺ സെന്റിയ എന്നാണ് എഐ സ്മാർട് സിറ്റിയുടെ പേര്. അബൂദബി ആസ്ഥാനമായ ബോൾഡ് ടെക്‌നോളജീസും ഇറ്റാലിയൻ റിയൽ എസ്റ്റേറ്റ് ഡെവലപർ മൈ അയോണുമാണ് നഗരം നിർമിക്കുക. അയോൺ സെന്റിയ സ്മാർട് മാത്രമല്ല, വൈജ്ഞാനിക നഗരം കൂടിയായിരിക്കുമെന്ന് കമ്പനി സിഇഒ ഡാനിയേൽ മാരിനെല്ലി പറഞ്ഞു. 250 കോടി ഡോളറാണ് ബിൽഡ് - ഓപറേറ്റ് - ട്രാൻസ്ഫർ മാതൃകയിൽ നിർമിക്കുന്ന നഗരപദ്ധതിയുടെ ചെലവ്.

എംഎഐഎ എന്ന, എഐ മൊബൈൽ ആപ്ലിക്കേഷനാണ് നഗരത്തിലെ താമസക്കാരെ ബന്ധിപ്പിക്കുക. എല്ലാ സേവനങ്ങളും ഒരൊറ്റ കുടക്കീഴിൽ ലഭ്യമാകുന്ന സംവിധാനമാകുമിത്. പരമ്പരാഗത എഐ സങ്കേതങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഉപഭോക്താക്കളുടെ ഡാറ്റയ്ക്ക് അനുസൃതമായി സ്വയം തീരുമാനമെടുത്തു പ്രവർത്തിക്കുന്ന പ്ലാറ്റ്‌ഫോമാകും ഈ ആപ്ലിക്കേഷൻ.

എഐയുടെ ആഗോള തലസ്ഥാനമാകാൻ അബൂദബി നടത്തുന്ന ശ്രമങ്ങൾക്ക് കരുത്തു പകരുന്നതാകും അയോൺ സെന്റിയ. ഓപൺ എഐ അടക്കമുള്ള വൻകിട ഭീമന്മാരാണ് അബൂദബിയിലെ എഐ മേഖലയിൽ നിക്ഷേപമിറക്കുന്നത്.

Related Tags :
Similar Posts