
അബൂദബി മൂടൽ മഞ്ഞിൽ തന്നെ; ഇലക്ട്രോണിക് ബോർഡുകളിലെ വേഗപരിധി കർശനമായി പാലിക്കണം
|വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദേശങ്ങളുമായി അബൂദബി പൊലീസ്
ദുബൈ: അബൂദബിയിൽ കനത്ത മൂടൽമഞ്ഞ് തുടരുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പു നൽകി. ഇലക്ട്രോണിക് ബോർഡുകളിൽ കാണിക്കുന്ന വേഗപരിധിയിലെ മാറ്റങ്ങൾ കർശനമായി പാലിക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
യാത്രക്കാർ വേഗത കുറയ്ക്കുക, ലോ-ബീം ഹെഡ്‌ലൈറ്റുകൾ മാത്രം ഉപയോഗിക്കുക, മറ്റു വാഹനങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കുക എന്നിവയാണ് മറ്റു നിർദേശങ്ങൾ.
ഇന്ന് രാവിലെ 5.45 മുതൽ 9.30 വരെ തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ചിലയിടങ്ങളിൽ ദൂരക്കാഴ്ച കുറയാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു. രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില അൽഐനിലെ റക്‌നയിലാണ് രേഖപ്പെടുത്തിയത്. ഇത് 9.6 ഡിഗ്രി സെൽഷ്യസ് ആണ്.
വടക്ക്-പടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കും. അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. തിരമാലകൾ ആറ് അടി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിലെത്തുന്നവർക്കും ജാഗ്രതാ നിർദേശമുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഇടയ്ക്ക് നേരിയ മഴയും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.