< Back
UAE
Abu Dhabi to get AI-powered barrierless parking system
UAE

അബൂദബിയിൽ ഇനി തടസ്സങ്ങളിലാത്ത എഐ പാർക്കിംഗ്

Web Desk
|
17 Oct 2025 2:38 PM IST

ജൈറ്റെക്‌സിൽ 'സീറോ ബാരിയർ എഐ പാർക്കിംഗ്' അനാച്ഛാദനം ചെയ്ത് ക്യു മൊബിലിറ്റി

ദുബൈ: അബൂദബിയിൽ എഐ മുഖേന പ്രവർത്തിക്കുന്ന, തടസ്സങ്ങളിലാത്ത പാർക്കിംഗ് സംവിധാനം വരുന്നു. അബൂദബിയുടെ പാർക്കിംഗ് മാനേജ്മെന്റും റോഡ് ടോൾ ഓപ്പറേറ്ററുമായ ക്യു മൊബിലിറ്റി ജൈറ്റെക്‌സ് ഗ്ലോബൽ 2025-ൽ 'സീറോ ബാരിയർ എഐ പാർക്കിംഗ്' അനാച്ഛാദനം ചെയ്തു.

ഓട്ടോമാറ്റിക് ലൈസൻസ് പ്ലേറ്റ് റെക്കഗ്‌നിഷൻ, സ്മാർട്ട് കാമറകൾ, ഓട്ടോമേറ്റഡ് പേയ്മെന്റ് സിസ്റ്റങ്ങൾ, റിയൽ-ടൈം ട്രാഫിക് മാനേജ്മെന്റ് എന്നിവ ഉപയോഗിച്ചാണ് സീറോ ബാരിയർ എഐ പാർക്കിംഗ് സിസ്റ്റം തടസ്സമില്ലാത്ത പാർക്കിംഗ് സൗകര്യം നൽകുക.

പൂർണമായും കോൺടാക്റ്റ്ലെസ് എക്‌സിറ്റ് അനുഭവം ഉറപ്പാക്കുന്ന സംവിധാനം പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്നതുമായിരിക്കും. കൂടുതൽ സുഗമമായ ഇടപാടുകൾക്കായി 2026-ഓടെ ഈ സംവിധാനം ദർബ് വാലറ്റുമായി സംയോജിപ്പിക്കും.

അതേസമയം, ക്യു മൊബിലിറ്റി സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ, ദുബൈ ഡിജിറ്റൽ അതോറിറ്റി എന്നിവയുമായി രണ്ട് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. സഹകരണം ശക്തിപ്പെടുത്താനും സ്മാർട്ട് സേവനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുമാണ് കരാർ.

അബൂദബിയിലെ പൊതു പാർക്കിംഗ് സംവിധാനം മെച്ചപ്പെടുത്താൻ പുതിയ നൂതന സംരംഭങ്ങൾ നടപ്പാക്കുമെന്ന് കുറച്ച് മാസങ്ങൾക്ക് മുമ്പ് ക്യു മൊബിലിറ്റി പറഞ്ഞിരുന്നു.

Similar Posts