< Back
UAE
AI-powered self-driving delivery cars hit Abu Dhabi streets in new pilot
UAE

ഡെലിവറിക്കും ആളെ വേണ്ട; എഐ സ്വയംഡ്രൈവിങ് ഡെലിവറി വാഹനങ്ങൾ അബൂദബി നിരത്തുകളിലേക്ക്

Web Desk
|
19 Nov 2025 5:04 PM IST

നൂൺ, ഓട്ടോഗോ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി

ദുബൈ: എഐ സ്വയംഡ്രൈവിങ് ഡെലിവറി വാഹനങ്ങൾ നിരത്തുകളിലിറക്കാൻ പുതിയ പൈലറ്റ് പദ്ധതിയുമായി അബൂദബി. നൂൺ, ഓട്ടോഗോ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്മാർട്ട് ആന്റ് ഓട്ടോണമസ് സിസ്റ്റംസ് കൗൺസിലിന്റെ (എസ്.എ.എസ്.സി) മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഓട്ടോഗോയുടെ സ്വയംനിയന്ത്രിത ഡെലിവറി വാഹനങ്ങൾ നൂണിന്റെ ലോജിസ്റ്റിക്സ് ശൃംഖലയുമായി സംയോജിപ്പിച്ച് മിനി ഫുൾഫിൽമെന്റ് സെന്ററുകളിലേക്കുള്ള വിതരണം കൂടുതൽ കാര്യക്ഷമമാക്കും. എഐ സാങ്കേതികവിദ്യയും അത്യാധുനിക സെൻസറുകളുമാണ് വാഹനങ്ങളിൽ സജ്ജീകരിച്ചിരിക്കുന്നത്. സുരക്ഷിതമായി സ്വയം നാവിഗേറ്റ് ചെയ്ത് ഡ്രൈവറുടെ സഹായമില്ലാതെ ഇവ ഓർഡറുകൾ എത്തിക്കും.

സ്വയംഡ്രൈവിങ് മൊബിലിറ്റിയും ഇ-കൊമേഴ്സും സംയോജിച്ച് ഗതാഗതക്കുരുക്കും കാർബൺ പുറന്തള്ളലും കുറയ്ക്കും. 2040-ഓടെ അബൂദബിയിലെ മുഴുവൻ യാത്രകളിൽ 25 ശതമാനവും സ്മാർട്ട് ഗതാഗത സംവിധാനങ്ങളിലൂടെയാകും.

നൂണുമായുള്ള സഹകരണത്തോടെ നൂതനസാങ്കേതികവിദ്യകൾ വിശ്വസനീയവും സുരക്ഷിതവുമായ നിയന്ത്രണ ചട്ടക്കൂടിനുള്ളിൽ പ്രാവർത്തികമാക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററിന്റെ (ഐ.ടി.സി) ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല ഹമദ് അൽ ഗഫ്‌ലി പറഞ്ഞു. കൂടുതൽ പ്രദേശങ്ങളിലേക്ക് പൈലറ്റ് പദ്ധതി വ്യാപിപ്പിക്കാനും സ്വയംഡ്രൈവിങ് വാഹനങ്ങളിൽ കൊണ്ടുപോകുന്ന ഉൽപന്നങ്ങളുടെ ശ്രേണി വിപുലീകരിക്കാനും നൂൺ, ഓട്ടോ​ഗോയോടൊപ്പം അബൂദബി മൊബിലിറ്റി പദ്ധതിയിടുന്നുണ്ട്.

Similar Posts