< Back
UAE
Air India, Air India Express to operate 48 flights on March 19
UAE

പശ്ചിമേഷ്യയിലേക്കും തിരിച്ചും ഇന്ന് 48 സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും

Web Desk
|
19 March 2026 1:17 PM IST

യുഎഇയിലേക്കും സൗദിയിലേക്കും ഷെഡ്യൂൾ ചെയ്യാത്ത 32 സർവീസുകൾ

ദുബൈ: എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും ചേർന്ന് മാർച്ച് 19 ന് പശ്ചിമേഷ്യ മേഖലയിലേക്കും തിരിച്ചും ഷെഡ്യൂൾ ചെയ്തതും അല്ലാത്തതുമായ 48 വിമാന സർവീസുകൾ നടത്തും. രണ്ട് വിമാനക്കമ്പനികളും ഇന്ന് മസ്‌കത്തിലേക്കും ജിദ്ദയിലേക്കും ഷെഡ്യൂൾ ചെയ്ത സർവീസുകൾ തുടരും. യുഎഇയിലേക്കും സൗദിയിലേക്കും ഷെഡ്യൂൾ ചെയ്യാത്ത പ്രത്യേക സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ഡൽഹി, കോഴിക്കോട്, മുംബൈ എന്നിവിടങ്ങളിൽ നിന്നായി ഒമാനിലേക്ക് 6 ഷെഡ്യൂൾഡ് സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് നടത്തും. സൗദിയിലെ ജിദ്ദയിലേക്ക് ഇന്ത്യയിൽ നിന്ന് ആകെ 16 സർവീസുകൾ ഉണ്ടാകും. എയർ ഇന്ത്യ ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും സർവീസ് നടത്തുമ്പോൾ, എയർ ഇന്ത്യ എക്സ്പ്രസ് ബെംഗളൂരു, ഹൈദരാബാദ്, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് വിമാനങ്ങൾ അയക്കും.

യുഎഇയിലെ അബൂദബി, റാസൽഖൈമ, ഷാർജ സൗദി അറേബ്യയിലെ റിയാദ് എന്നിവിടങ്ങളിലേക്ക് സ്ലോട്ടുകളുടെ ലഭ്യത അനുസരിച്ച് 32 പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തും. ഇതിൽ കേരളത്തിലെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളും ഉൾപ്പെടുന്നു. ദുബൈ, കുവൈത്ത്, ബഹ്‌റൈൻ, ദോഹ, തെൽ അവീവ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള എയർ ഇന്ത്യയുടെ ഷെഡ്യൂൾഡ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ വടക്കേ അമേരിക്ക, യൂറോപ്പ്, ആസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളിൽ മാറ്റമില്ല. ഷെഡ്യൂൾ ചെയ്ത സർവീസുകൾ താത്കാലികമായി നിർത്തിവച്ച ഏതെങ്കിലും റൂട്ടിൽ യാത്ര ചെയ്യാൻ ബുക്ക് ചെയ്തവർക്ക് അധിക നിരക്ക് ഈടാക്കാതെ റീബുക്ക് ചെയ്യാം, അല്ലെങ്കിൽ പൂർണ റീഫണ്ട് നേടാം.

എയർ ഇന്ത്യ വെബ്സൈറ്റായ http://airindia.com ൽ റീബുക്കിങ് അല്ലെങ്കിൽ റദ്ദാക്കൽ അഭ്യർഥന നൽകാം. കൂടുതൽ വിവരങ്ങൾക്ക്, +911169329333 അല്ലെങ്കിൽ +911169329999 എന്ന നമ്പറിൽ ഉപഭോക്തൃ ഹോട്ട്ലൈനിൽ ബന്ധപ്പെടാം. റീബുക്കിങ് ഓപ്ഷൻ നൽകാനായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും എയർലൈനിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടും. ഇതിനായി യാത്രികർ അവരുടെ മൊബൈൽ നമ്പർ എയർലൈനുമായി അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രികർക്ക് +91 63600 12345 എന്ന വാട്ട്സ്ആപ്പിൽ എയർലൈനിന്റെ എഐ പവർഡ് ഡിജിറ്റൽ അസിസ്റ്റന്റ് ടിയ വഴിയും അവരുടെ ഫ്‌ളൈറ്റുകൾ റീബുക്ക് ചെയ്യാം.

Similar Posts