< Back
UAE
Asia Cup ticket sales begin; India-Pak match to be watched for Rs 33,600
UAE

ഏഷ്യാകപ്പ് ടിക്കറ്റ് വിൽപന തുടങ്ങി; ഇന്ത്യ-പാക് മാച്ച് കാണാൻ 33,600 രൂപ

Web Desk
|
29 Aug 2025 10:36 PM IST

സെപ്തംബർ ഒമ്പത് മുതലാണ് മത്സരങ്ങൾ

ദുബൈ: യുഎഇയിൽ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ഏറ്റവും കൂടുതൽ പേർ ഉറ്റുനോക്കുന്ന ഇന്ത്യ-പാക് മത്സരത്തിന് ടിക്കറ്റെടുക്കാൻ ഇപ്പോൾ കുറഞ്ഞത് 1400 ദിർഹം അഥവാ 33,600 രൂപയിലേറെ നൽകേണ്ടി വരും. സെപ്തംബർ ഒമ്പത് മുതൽ ദുബൈയിലും അബൂദബിയിലുമായാണ് ഏഷ്യാകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ നടക്കുക. പ്ലാറ്റിനം ലിസ്റ്റ് ഡോട്ട് നെറ്റ് എന്ന വെബ്‌സൈറ്റിലൂടെ ഇന്ന് വൈകുന്നേരം മുതലാണ് ഏഷ്യാകപ്പിന്റെ ടിക്കറ്റ് വിൽപന ആരംഭിച്ചത്.

ഇന്ത്യ-പാക് മത്സരം കാണാൻ പാക്കേജ് ടിക്കറ്റെടുക്കണം. ഈ മാച്ചും ഫൈനലും ഉൾപ്പെടെ ഏഴ് മത്സരങ്ങളുടെ പാക്കേജിന് ഏറ്റവും കുറഞ്ഞ നിരക്ക് 1,400 ദിർഹം അഥവാ 33,600 രൂപയാണ്. ഈ പാക്കേജിലെ ഉൾപ്പെടുന്ന മാച്ചുകളിൽ ഒന്നിന് മാത്രമായി ടിക്കറ്റെടുക്കാനുള്ള സൗകര്യം ഇപ്പോൾ വെബ്‌സൈറ്റിലില്ല. എന്നാൽ അബൂദബിയിൽ നടക്കുന്ന മറ്റു മത്സരങ്ങൾക്ക് 40 ദിർഹം മുതൽ ടിക്കറ്റുണ്ട്. ദുബൈയിൽ നടക്കുന്ന മറ്റു മത്സരങ്ങൾക്ക് 50 ദിർഹത്തിനും ടിക്കറ്റ് ലഭിക്കും. 1,400 ദിർഹം മുടക്കി പാക്കേജ് ടിക്കറ്റെടുക്കുന്നവർക്ക് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ- പാക് മത്സരത്തിന് പുറമെ യുഎഇയുടെ മത്സരവും ആസ്വദിക്കാം. സൂപ്പർ ഫോർ റൗണ്ടിലെ നാല് മത്സരങ്ങളും ഫൈനൽ മത്സരവും കാണാൻ ഇവർക്ക് അവസരമുണ്ടാകും.

വരും ദിവസങ്ങളിൽ ദുബൈ, അബൂദബി സ്റ്റേഡിയങ്ങളിലെ ഓഫീസുകൾ വഴിയും ടിക്കറ്റുകൾ ലഭ്യമാകും. ഗൾഫിൽ നിന്ന് യുഎഇയും ഒമാനും ഉൾപ്പെടെ എട്ട് ടീമുകളാണ് ഇക്കുറി ഏഷ്യകപ്പിൽ മാറ്റരുക്കുന്നത്. സെപ്റ്റംബർ പത്തിന് യുഎഇക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. സെപ്തംബർ 14 നാണ് ഇന്ത്യ പാക് പോരാട്ടം. സെപ്തംബർ 28 നായിരിക്കും ഏഷ്യകപ്പിന്റെ കലാശപ്പോര്.

Similar Posts