
ഏഷ്യാകപ്പ് ആവേശം യുഎഇയിലേക്ക്; ഗൾഫിൽ നിന്ന് ഒമാനും യുഎഇയും
|ആദ്യമായാണ് ഒമാൻ ഏഷ്യാകപ്പ് മത്സരത്തിന് യോഗ്യത നേടുന്നത്
ദുബൈ: ചാമ്പ്യൻസ് ട്രോഫിക്ക് പിന്നാലെ ഈവർഷം ഏഷ്യാകപ്പ് ക്രിക്കറ്റിനെ കൂടി വരവേൽക്കുയാണ് യുഎഇ. സെപ്റ്റംബർ ഒമ്പത് മുതൽ 29 വരെയാണ് മത്സരങ്ങൾ. ഗൾഫിൽ നിന്ന് യുഎഇയും ഒമാനും ഇക്കുറി ക്രീസിലിറങ്ങും. ആദ്യമായാണ് ഒമാൻ ഏഷ്യാകപ്പ് മത്സരത്തിന് യോഗ്യത നേടുന്നത്.
ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ട മത്സരങ്ങളാണ് ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും യുഎഇയിലേക്ക് ചേക്കേറുന്നത്. ഇതിന് മുമ്പ് മൂന്ന് തവണ ഏഷ്യാകപ്പ് മത്സരങ്ങൾക്ക് യുഎഇ വേദിയായിട്ടുണ്ട്.
വൻകരയിലെ ക്രിക്കറ്റ് ശക്തികൾ ഏറ്റുമുട്ടുമ്പോൾ ഇന്ത്യ-പാക് മത്സരത്തിനാണ് ഏറ്റവും കൂടുതൽ പേർ കാത്തിരിക്കുക. സെപ്റ്റംബർ പതിനാലിനാവും ഇന്ത്യ-പാക് മത്സരം. 1984 ൽ ഷാർജ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യമായി ഏഷ്യാകപ്പ് മത്സരം നടക്കുന്നത്. അന്ന് ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക എന്നീ മൂന്ന് ടീമുകൾ മാത്രമായിരുന്നു കളത്തിൽ. ആദ്യമായി എട്ട് ടീമുകൾ മാറ്റുരക്കുന്നു എന്ന പ്രത്യേകതയും ഇത്തവണ ഏഷ്യാകപ്പിനുണ്ട്. ഇന്ത്യ, പാകിസ്താൻ, യുഎഇ, ഒമാൻ എന്നിവ ഗ്രൂപ്പ് എയിലും. ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്താൻ, ഹോങ്കോങ് എന്നിവ ബി ഗ്രൂപ്പിലും മത്സരിക്കും.