
കണ്ടെയ്നറിനകത്ത് ആശുപത്രി, ‘ഡോക്ടൂർ’ പദ്ധതിയുമായി ബുർജീൽ
|അബൂദബി പോർട്ട്സ് ഗ്രൂപ്പുമായി സഹകരിച്ച് ബുർജീൽ ഹോൾഡിങ്സാണ് പദ്ധതി നടപ്പാക്കുന്നത്
അബൂദബി: ആരോഗ്യ സേവനവും ലോജിസ്റ്റിക്‌സും സമന്വയിപ്പിച്ച് നടപ്പാക്കുന്ന 'ഡോക്ടൂർ' പദ്ധതിക്ക് അബൂദബിയിൽ തുടക്കം. അബൂദബി പോർട്ട്സ് ഗ്രൂപ്പുമായി സഹകരിച്ച് ബുർജീൽ ഹോൾഡിങ്സാണ് പദ്ധതി നടപ്പാക്കുന്നത്. മന്ത്രി ഡോ. സുൽത്താൻ അൽ ജാബറിന്റെ സാന്നിധ്യത്തിലായിരുന്നു ഡോക്ടൂറിന്റെ ഉദ്ഘാടനം.
പരമ്പരാഗത ആശുപത്രി സങ്കല്പങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായി പ്രവർത്തിക്കുന്ന ആരോഗ്യ പരിശോധനാ സംവിധാനമാണ് ഡോക്ടൂർ. നൂതന ചികിത്സാ സംവിധാനങ്ങളെല്ലാം ഒരു കണ്ടെയ്നറിനകത്ത് ഉൾക്കൊള്ളുന്നതാണ് പദ്ധതി. വൈദ്യസഹായം ദുഷ്കരമായ പ്രദേശങ്ങളിലും പ്രകൃതി ദുരന്തസ്ഥലങ്ങളിലും അതിവേഗം ചികിത്സ എത്തിക്കാനാകും എന്നതാണ് കണ്ടെയ്നർ ആശുപത്രികളുടെ സവിശേഷത. വിദഗ്ധ ഡോക്ടർമാരും അതിനൂതന മെഡിക്കൽ ഉപകരണങ്ങളും കണ്ടെയ്നർ ആശുപത്രിയിൽ സജ്ജമായിരിക്കും.
അബൂദബി പോർട്സിന്റെ ലോജിസ്റ്റിക്സ് സംവിധാനവും ബുർജീൽ ഹോൾഡിങ്സിന്റെ ഹെൽത്ത്കെയർ ശൃംഖലയും സംയോജിപ്പിച്ചാകും ഡോക്ടൂറിന്റെ പ്രവർത്തനം. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ആഫ്രിക്കയിലുടനീളം അടിസ്ഥാന സൗകര്യങ്ങളും മികച്ച ആരോഗ്യസേവനങ്ങളും എത്തിക്കും. അബൂദബിയിൽ നടക്കുന്ന മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് പ്രദർശന മേളയിലാണ് ഡോക്ടൂർ പദ്ധതിക്ക് തുടക്കമായത്. അബൂദബി പോർട്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ക്യാപ്റ്റൻ മുഹമ്മദ് ജുമ അൽ ഷംസി, ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.