
ഗ്ലോബൽ കരിക്കുലവുമായി സിബിഎസ്ഇ; അടുത്തവർഷം നടപ്പാക്കും
|സഹകരണം ഉറപ്പാക്കി ജിസിസി രാജ്യങ്ങൾ
ദുബൈ: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ (സിബിഎസ്ഇ) ഗ്ലോബൽ കരിക്കുലം ആരംഭിക്കാനുള്ള പദ്ധതികൾ അന്തിമഘട്ടത്തിൽ. പദ്ധതി അടുത്ത വർഷം ഏപ്രിൽ മുതൽ നടപ്പാക്കിയേക്കും. ചൊവ്വാഴ്ച നടന്ന ദുബൈ സഹോദയ സ്കൂൾ കോംപ്ലക്സ് വാർഷിക സമ്മേളനത്തിലാണ് പ്രഖ്യാപനം. ജിസിസി രാജ്യങ്ങളിലെ വിദ്യാഭ്യാസ മന്ത്രാലയങ്ങളിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ, റെഗുലേറ്റർമാർ, ഇന്ത്യൻ ഗവൺമെന്റ് പ്രതിനിധികൾ, ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ എന്നിവർ ചേർന്ന് നിർണായക ചർച്ചകൾ നടത്തി.
ദേശീയ വിദ്യാഭ്യാസ നയവുമായി യോജിച്ചുള്ള വിശാലമായ പരിഷ്കരണ പദ്ധതിയുടെ ഭാഗമാണ് സിബിഎസ്ഇ ഗ്ലോബൽ കരിക്കുലം. വിദ്യാർഥികൾക്ക് കൂടുതൽ വഴക്കവും ആഗോളതലത്തിൽ മത്സരയോഗ്യമായ പഠനാനുഭവവും നൽകുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് അധികൃതർ വിശദീകരിച്ചു. ഇന്ത്യയ്ക്ക് പുറത്തുള്ള സിബിഎസ്ഇ അഫിലിയേറ്റഡ് സ്കൂളുകൾക്കാണ് ഇത് ലഭ്യമാകുക. മറ്റു വിദ്യാഭ്യാസ ബോർഡുകളുമായി അഫിലിയേറ്റഡ് ചെയ്ത അന്താരാഷ്ട്ര സ്കൂളുകൾക്കും ഈ കരിക്കുലം സ്വീകരിക്കാനുള്ള അവസരമുണ്ടാകും. ഇന്ത്യയിലെ സിബിഎസ്ഇ സ്കൂളുകൾക്കും ഇത് സ്വീകരിക്കാം.
നേരത്തെ, 2010-ൽ സിബിഎസ്ഇ-ഇന്റർനാഷണൽ, കരിക്കുലം പൈലറ്റ് പ്രോഗ്രാമായി ഇന്ത്യയിലെയും വിദേശത്തെയും ചില സ്കൂളുകളിൽ അവതരിപ്പിച്ചിരുന്നു. ഇന്ത്യൻ മൂല്യങ്ങൾ നിലനിർത്തി വിവിധ വിഷയങ്ങളിലെ പഠനം, ഗവേഷണ പ്രൊജക്ടുകൾ, വിമർശനാത്മക ചിന്ത എന്നിവയ്ക്ക് ഊന്നൽ നൽകിയായിരുന്നു കരിക്കുലം രൂപകൽപന ചെയ്തത്. എന്നാൽ, പ്രവർത്തനപരമായ വെല്ലുവിളികളും പരിമിതമായ സ്വീകാര്യതയും കാരണം 2017-ൽ സിബിഎസ്ഇ ഈ പ്രോഗ്രാം നിർത്തലാക്കി.
സിബിഎസ്ഇ അഫിലിയേറ്റഡ് വിദേശ സ്കൂളുകളുടെ ആവശ്യങ്ങളും ആഗോള ബെഞ്ച്മാർക്കുകളും മനസ്സിലാക്കിയാണ് ഈ കരിക്കുലം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അടിസ്ഥാനസൗകര്യങ്ങൾ, റെഗുലേഷനുകൾ, അക്കാദമിക് രീതികൾ, അക്കാദമിക് കലണ്ടർ, അധ്യാപക യോഗ്യതകൾ തുടങ്ങിയ ഘടകങ്ങളും പരിഗണിച്ചിട്ടുണ്ടെന്ന് സിബിഎസ്ഇ ദുബൈ റീജിയണൽ ഓഫീസ് ഡയറക്ടർ ഡോ. രാം ശങ്കർ അറിയിച്ചു. ചർച്ചയിൽ മുതിർന്ന ജിസിസി റെഗുലേറ്റർമാർ ഈ പദ്ധതിയെ സ്വാഗതം ചെയ്തു. അധ്യാപക പരിശീലനം, വൊക്കേഷണൽ ആൻഡ് ടെക്നിക്കൽ വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സഹകരണത്തിന് തയ്യാറാണെന്ന് റെഗുലേറ്റർമാർ വ്യകതമാക്കി.
സമ്മേളനത്തിൽ എൻഇപി 2020-നോട് ചേർന്നുള്ള ബഹുമുഖ മൂല്യനിർണയം പ്രോത്സാഹിപ്പിക്കുന്ന സിബിഎസ്ഇ ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ് ഉദ്ഘാടനവും നിർവഹിച്ചു.