< Back
UAE
Delivery bikes banned from Dubais speed lines
UAE

ദുബൈയിലെ സ്പീഡ് ലൈനിൽ ഡെലിവറി ബൈക്കുകൾക്ക് വിലക്ക്

Web Desk
|
19 Oct 2025 2:46 PM IST

നവംബർ ഒന്ന് മുതൽ നിരോധനം നിലവിൽ വരും

ദുബൈ: ദുബൈയിലെ സ്പീഡ് ലൈനിൽ ഡെലിവറി ബൈക്കുകൾക്ക് വിലക്ക്. നവംബർ ഒന്ന് മുതൽ നിരോധനം നിലവിൽ വരും. അഞ്ച് വരി റോഡിൽ ഏറ്റവും ഇടതുവശത്തെ രണ്ട് ലൈനുകളിൽ ഡെലിവറി ബൈക്ക് ഓടിക്കരുത്. നാലുവരി, മൂന്നുവരി റോഡുകളിൽ ഏറ്റവും ഇടതുവശത്തെ ലൈനിലും വിലക്കുണ്ടാകും. രണ്ട് വരി റോഡിൽ രണ്ട് ലൈനിലും ഓടിക്കാം. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർടിഎ) ദുബൈ പൊലീസും സംയുക്തമായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

അതിവേഗ പാതകൾ എന്ന് വിളിക്കപ്പെടുന്ന, ഇടതുവശത്തുള്ള ലൈനുകളിൽ ദുബൈയിലെ 2021 ലെ നിയമപ്രകാരം ഡെലിവറി ബൈക്കുകൾക്ക് നിയന്ത്രണമുണ്ടായിരുന്നു. അബൂദബിയിലും അജ്മാനിലും സമാന നിയന്ത്രണങ്ങൾ നിലവിലുണ്ട്.

അതിവേഗ പാതകളിലെ അശ്രദ്ധയോടെയുള്ള റൈഡിംഗ് കാരണം ഡെലിവറി ബൈക്കുകൾ ഉൾപ്പെടുന്ന ട്രാഫിക് അപകടങ്ങളിൽ വർധനവ് ഉണ്ടായതായി റിപ്പോർട്ടുകൾ കാണിക്കുന്നതായി ദുബൈ പൊലീസിലെ ഓപ്പറേഷൻസ് അഫയേഴ്സ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു.

'ഡെലിവറി റൈഡർമാർ നടത്തിയ ലംഘനങ്ങൾ കാരണം കഴിഞ്ഞ വർഷം 854 ട്രാഫിക് അപകടങ്ങളും 2025 ൽ 962 അപകടങ്ങളും പൊലീസ് ഡാറ്റയിൽ രേഖപ്പെടുത്തിയിട്ടുണ്ട്' അദ്ദേഹം പറഞ്ഞു.

'ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതിന് ഡെലിവറി ബൈക്ക് റൈഡർമാർക്കെതിരെ ദുബൈ പൊലീസ് കഴിഞ്ഞ വർഷം 70,166 നിയമലംഘന നോട്ടീസുകൾ പുറപ്പെടുവിച്ചു. ഈ വർഷം കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഈ എണ്ണം 78,386 ആയി ഉയർന്നു, ചില റൈഡർമാർക്കിടയിലുള്ള സുരക്ഷിതമല്ലാത്ത റൈഡിംഗ് രീതിയാണ് ഇത് തുറന്നുകാട്ടുന്നത്'-അദ്ദേഹം പറഞ്ഞു.

ദുബൈ പൊലീസ്, ദുബൈ സാമ്പത്തിക, ടൂറിസം വകുപ്പ്, ഡെലിവറി മേഖലയിലെ പങ്കാളികൾ എന്നിവരുമായി ചേർന്ന് പുതിയ നിയമങ്ങൾ പാലിക്കുന്നത് ആർടിഎ നിരീക്ഷിക്കുമെന്ന് ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി സിഇഒ ഹുസൈൻ അൽ ബന്ന പറഞ്ഞു.

Similar Posts