
വിദേശത്തെ ആസ്തി വെളിപ്പെടുത്തൽ;NRI സ്റ്റാറ്റസുള്ളവർക്ക് ആശങ്കവേണ്ട
|ഇന്ത്യയിൽ 182 ദിവസം തങ്ങിയാൽ ടാക്സ് ബാധകമാകും
ദുബൈ: പ്രവാസികളായ നികുതിദായകർ വിദേശത്തെ ആസ്തി വെളിപ്പെടുത്തണമെന്ന കേന്ദ്ര ആദായനികുതി വകുപ്പിന്റെ നിർദേശത്തിൽ സാധാരണക്കാരായ പ്രവാസികൾക്ക് ആശങ്ക വേണ്ടെന്ന് ടാക്സ് വിദഗ്ധർ. എന്നാൽ, വർഷം 182 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ തങ്ങിയ പ്രവാസികൾ വിദേശത്തെ ആസ്തി വെളിപ്പെടുത്തേണ്ടി വരും. ഇന്ത്യയിലെ ബാങ്കുകളിൽ സാധാരണ സേവിങ്സ് അക്കൗണ്ട് നിലനിർത്തുന്ന പ്രവാസികളും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് വിദ്ഗധർ പറയുന്നു.
കഴിഞ്ഞമാസം 28 മുതലാണ് വിദേശത്തെ ആസ്തി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ രാജ്യങ്ങളിൽ ബിസിനസ് രംഗത്തുള്ള പ്രവാസികൾക്ക് കേന്ദ്ര ആദായ നികുതി വകുപ്പിന്റെ എസ്.എം.എസ്, ഇമെയിൽ സന്ദേശങ്ങൾ ലഭിച്ചത്. എന്നാൽ, NRI സ്റ്റാറ്റസുള്ള പ്രവാസികൾക്ക് ഇക്കാര്യത്തിൽ ആശങ്കവേണ്ടെന്ന് യു.എ.ഇയിലെ ടാക്സ് വിദഗ്ധനായ സി.എ. ഫൈസൽ സലിം പറയുന്നു.
ഇന്ത്യയിലെ സേവിങ് ബാങ്ക് അക്കൗണ്ടുകൾ നിലനിർത്തുന്നവർ ഇൻകം ടാക്സിന്റെ പരിധിയിൽ വരാതിരിക്കാൻ എൻ.ആർ.ഇ, എൻ.ആർ.ഒ അക്കൗണ്ടുകളിലേക്ക് മാറേണ്ടി വരും. വിദേശത്തെ ആസ്തി വെളിപ്പെടുത്താത്തവർക്ക് കനത്തപിഴ ലഭിക്കുമെന്നാണ് ആദായ നികുതി വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ഇന്ത്യയിലും വിദേശത്തും ബിസിനസ് നടത്തുന്ന പലർക്കും ആദായവകുപ്പിന്റെ എസ്.എം.എസ് ലഭിച്ചത് നിരവധി പേരെ ആശങ്കയിലാക്കിയിരുന്നു.