< Back
UAE
Diwali in Dubai
UAE

ദുബൈ ഇനി ദീപാവലി മൂഡിലേക്ക്

Web Desk
|
15 Oct 2024 10:40 PM IST

ഒക്ടോബർ 25 മുതൽ നവംബർ ഏഴുവരെ നൂർ- വെളിച്ചങ്ങളുടെ മഹോത്സവം

ദുബൈ: ദുബൈ ഇനി ദീപാവലി മൂഡിലേക്ക്. ഈമാസം 25 മുതൽ അടുത്തമാസം ഏഴ് വരെ 'നൂർ- വെളിച്ചങ്ങളുടെ മഹോത്സവം' എന്ന പേരിൽ ദീപാവലി ആഘോഷം പ്രഖ്യാപിച്ചു. ഇന്ത്യൻ കോൺസുലേറ്റുമായി ചേർന്ന് ദുബൈ സാമ്പത്തിക വികസന വകുപ്പാണ് ആഘോഷമൊരുക്കുന്നത്.

ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ, ദുബൈ സാമ്പത്തിക വികസന വകുപ്പിന് കീഴിലെ ദുബൈ ഫെസ്റ്റവെൽ ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫിറാസ് എന്നിവർ ചേർന്നാണ് നൂർ-ഫെസ്റ്റിവൽ ഓഫ് ലൈറ്റിന്റെ വിശദാംശങ്ങൾ പ്രഖ്യാപിച്ചത്. ഈമാസം 25 മുതൽ 27 വരെ അൽസീഫിലാണ് നൂർ ഫെസ്റ്റിവെലിന്റെ ആദ്യഘട്ടം. വെളിച്ചങ്ങളുടെ ആഘോഷത്തിനൊപ്പം വിവിധ സാംസ്‌കാരിക പരിപാടികളും വെടിക്കെട്ടും ഇവിടെയുണ്ടാകും.

ഗ്ലോബൽ വില്ലേജിൽ ഈ മാസം 25, 26, നവംബർ ഒന്ന്, രണ്ട് ദിവസങ്ങളിലായി ദീപാവലിയുടെ പ്രത്യേക വെടിക്കെട്ടുണ്ടാകും. നവംബർ ഏഴ് വരെ വിവിധ ദിവസങ്ങളിലായി ജുമൈറ പാർക്കിലെ ബ്രീട്ടീഷ് സ്‌കൂൾ, ദുബൈ ഇത്തിസലാത്ത് അക്കാദമി, ദുബൈ ഇന്ത്യൻ ഹൈസ്‌കൂൾ സബീൽ തിയേറ്റർ എന്നിവിടങ്ങിൽ വിവിധ സാംസ്‌കാരിക പരിപാടികൾ നടക്കും. ഈ ദിവസങ്ങളിൽ ദുബൈയിലെ വിവിധ വാണിജ്യസ്ഥാപനങ്ങൾ വിലക്കുറവും സമ്മാനപദ്ധതികളും പ്രഖ്യാപിക്കും. ആദ്യമായാണ് നൂർ ഫെസ്റ്റിവെൽ ഓഫ് ലൈറ്റ്‌സ് എന്ന പേരിൽ ഇത്രയും വിപുലമായ ദീപാവലി ആഘോഷം ദുബൈ ഒരുക്കുന്നത്. ഗ്ലോബൽവില്ലേജിലടക്കം പ്രത്യേക ദീപാവലി മാർക്കറ്റും ഹോട്ടലുകളിൽ പ്രത്യേക ദീപാവലി ഭക്ഷ്യമേളകളും ഒരുക്കും.

Related Tags :
Similar Posts